വാംഖഡെയില്‍ റണ്ണൊഴുകും; ടി20 ലോകകപ്പ് ഫൈനലില്‍ ഇടം തേടി ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ


മുംബൈ: ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇടം തേടി ടീം ഇന്ത്യ ഇന്നിറങ്ങും. മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തില്‍ രാത്രി ഏഴിന് തുടങ്ങുന്ന സെമിയില്‍, ഇംഗ്ലണ്ട് ആണ് എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ സമ്പൂര്‍ണ വിജയം നേടിയാണ് ഇന്ത്യ സെമി ഫൈനല്‍ പോരിന് ഒരുങ്ങുന്നത്. അമേരിക്കയെ 29 റണ്‍സിന് തോല്‍പ്പിച്ച് തുടങ്ങി ഇന്ത്യ, നമീബിയയെ 93 റണ്‍സിനും പാകിസ്ഥാനെ 61 റണ്‍സിനും തകര്‍ത്തു. അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 17 റണ്‍സിനും തോല്‍പിച്ചു. സൂപ്പര്‍ 8 എട്ടിലെത്തിയപ്പോള്‍ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 76 റണ്‍സ് തോല്‍വി. സിംബാബ്‌വെയെ 72 റണ്‍സിനും നിര്‍ണായക മത്സത്തില്‍ വെസ്റ്റിന്‍ഡീസിനെ അഞ്ച് വിക്കറ്റിനും തോല്‍പിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ നേപ്പാളിനെ നാല് റണ്‍സിനെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് തുടങ്ങിയത്. എന്നാല്‍ വെസ്റ്റിന്‍ഡീസിനോട് 30 റണ്‍സ് തോല്‍വി. പിന്നീട് സ്‌കോട്ട്‌ലന്‍ഡിനെ അഞ്ച് വിക്കറ്റിനും ഇറ്റലിയെ 24 റണ്‍സിനും തോല്‍പിച്ചു. സൂപ്പര്‍ എട്ടില്‍ ശ്രീലങ്കയെ 51 റണ്‍സിനും പാകിസ്ഥാനെ രണ്ട് വിക്കറ്റിനും ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിനും തോല്‍പിച്ചു. മൂന്നാം തവണയാണ് ടി20 ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും സെമി ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. ഇരു ടീമിനും ഓരോ ജയം വീതം. 2022ലെ നാണക്കേടിന് 2024ല്‍ മറുപടി നല്‍കിയതിന്റെ ചരിത്രമുണ്ട് ടീം ഇന്ത്യക്ക്. 2022ല്‍ അഡലെയ്ഡിലെ ഇംഗ്ലണ്ട് ഓപ്പണര്‍മാരുടെ അടി മറന്നുകാണില്ല ക്രിക്കറ്റ് ആരാധകര്‍. ഇന്ത്യയുടെ 168 റണ്‍സ്, ഒരുവിക്കറ്റ് പോലും പോകാതെ 4 ഓവര്‍ ബാക്കി നില്‍ക്കെ അനായാസം മറികടന്ന ഇംഗ്ലണ്ട്. ജോസ് ബട്‌ലര്‍ - അലക്‌സ് ഹെയ്ല്‍സ് സഖ്യത്തിന്റെ പ്രഹരം മറക്കാന്‍ ഇന്ത്യക്ക് വേണ്ടിവന്നത് രണ്ട് വര്‍ഷം മാത്രം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ അര്‍ദ്ധസെഞ്ച്വറിയുടെ മികവില്‍ ഗയാനയില്‍ 68 റണ്‍സിന്റെ ആധികാരിക ജയം. ഇംഗ്ലണ്ടിന്റെ പത്ത് വിക്കറ്റും വീഴ്ത്തി മധുരപ്രതികാരം. ദക്ഷിണാഫ്രിക്കയേയും മറികടന്ന് രോഹിത്തും സംഘവും കരീബിയന്‍ മണ്ണിറങ്ങിയത് കീരടവുമായി. ഇംഗ്ലണ്ടിനെതിരായ ലോക ട്വന്റി 20 സെമി പോരുകളില്‍ റണ്‍വേട്ടക്കാരില്‍ മുന്നിലുള്ള ഹര്‍ദിക് പാണ്ഡ്യയും വിക്കറ്റ് വേട്ടക്കാരിലെ അക്‌സര്‍ പട്ടേലും ഇത്തവണയുമുണ്ട് ടീം ഇന്ത്യക്കൊപ്പം. ഇന്ത്യയുടെ സാധ്യതാ ഇലവന്‍: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുമ്ര.



Post a Comment

أحدث أقدم

AD01