കോടികളുടെ വീസ തട്ടിപ്പിൽ ആലക്കോട് സ്വദേശി പിടിയിൽ


ആലക്കോട്: കോടികളുടെ വീസ തട്ടിപ്പ് നടത്തിയ കേസിൽ കണ്ണൂർ സ്വദേശിയെ ഹിമാചൽപ്രദേശിൽ നിന്ന് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തു. കരുവഞ്ചാൽ സ്വദേശി സൂരജ് എന്ന ജോസഫിനെയാണ് കണ്ണൂർ ഡിറ്റക്ടീവ് ഇൻസ്പെക്ടർ ബി. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. മംഗളൂരു ആസ്ഥാനമായ യുകെ റീഗൾ എന്ന സ്ഥാപനത്തിലൂടെ യുകെ ജോബ് വീസ നൽകാമെന്ന വാഗ്ദാനം നൽകി 17 ലക്ഷം രൂപ വീതം വിവിധ വ്യക്തികളിൽ നിന്ന് വാങ്ങി വഞ്ചിച്ചെന്നാണ് കേസ്. കേരളത്തിലെ വിവിധ ജില്ലകളിലായി മൂപ്പത്തെട്ടും കർണാടകയിൽ രണ്ടും കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. വിവിധ സംസ്ഥാനങ്ങളിലുമായി ഒളിവിൽ കഴിയുകയായിരുന്നു. ഹിമാചൽപ്രദേശിലെ കുളുവിൽ നിന്ന് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം സാഹസികമായാണ് പ്രതിയെ പിടികൂടിയത്.സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം തൃശൂർ റേഞ്ച് എസ്‌പി ജോസി ചെറിയാൻ, കണ്ണൂർ റേഞ്ച് എസ്‌പി എം.പി. വിനോദ്, ഡിവൈഎസ്‌പി സി.കെ. സുനിൽകുമാർ എന്നിവരാണ് കേസിന്റെ മേൽനോട്ടം വഹിക്കുന്നത്. 10 കേസുകൾ അന്വേഷിക്കുന്നത് കണ്ണൂരിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ്. എസ്ഐ റെനി സ്റ്റീഫൻ, സിപിഒ കെ. ശ്രീരാജ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ തലശേരി അഡീഷണൽ സെഷൻസ് കോടതി റിമാൻഡ് ചെയ്തു.



Post a Comment

أحدث أقدم

AD01