വെറുതെയിരുന്നാൽ പോലും കൈകാലുകൾ അമിതമായി വിയർക്കുന്നുണ്ടോ? ഇത് വെറും വേനൽച്ചൂടല്ല, കാരണം മറ്റൊന്ന്


ചുമ്മാതിരിക്കുമ്പോൾ കൈപ്പത്തിയും കാൽപത്തിയും വല്ലാതെ വിയർക്കാറുണ്ടോ ? അത് വെറും വേനൽക്കാലത്തെ വിയർപ്പല്ലെന്നും, അത് ‘ഹൈപ്പർഹൈഡ്രോസിസ്’ (Hyperhidrosis) എന്ന അവസ്ഥയാകാമെന്നും ആണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ശരീരതാപനില നിയന്ത്രിക്കാൻ ആവശ്യമായതിനേക്കാൾ കൂടുതൽ വിയർപ്പ് ഉൽപ്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ് ഇത്.

സാധാരണയായി ചൂടുള്ളപ്പോഴോ വ്യായാമം ചെയ്യുമ്പോഴോ ആണ് മനുഷ്യർ വിയർക്കാറുള്ളത്. എന്നാൽ ഹൈപ്പർഹൈഡ്രോസിസ് ഉള്ളവർക്ക് വിശ്രമവേളകളിലോ തണുപ്പുള്ള അന്തരീക്ഷത്തിലോ പോലും അമിതമായി വിയർപ്പുണ്ടാകാം. സ്വേദഗ്രന്ഥികൾ അമിതമായി ഉത്തേജിക്കപ്പെടുന്നതാണ് ഇതിന് കാരണം.

സാധാരണ വിയർപ്പ് ചൂടിലോ കഠിനമായ അധ്വാനത്തിലോ ആണ് ഉണ്ടാകുന്നത്. എന്നാൽ ഹൈപ്പർഹൈഡ്രോസിസ് ഉള്ളവർ എയർ കണ്ടീഷൻ ചെയ്ത മുറികളിലോ തണുപ്പുള്ള കാലാവസ്ഥയിലോ പോലും വിയർക്കുന്നു. മാത്രമല്ല, ഈ അവസ്ഥയുള്ളവർക്ക് പ്രധാനമായും കൈപ്പത്തികൾ, പാദങ്ങൾ, കക്ഷം, മുഖം എന്നിവിടങ്ങളിലാണ് വിയർപ്പ് കേന്ദ്രീകരിക്കപ്പെടുന്നത്.

സാധാരണ വിയർപ്പിൽ വസ്ത്രങ്ങൾ അല്പം നനയുമെങ്കിലും ഹൈപ്പർഹൈഡ്രോസിസ് ഉള്ളവരിൽ വിയർപ്പ് കൈകളിൽ നിന്ന് ഇറ്റിറ്റുവീഴാനും വസ്ത്രങ്ങൾ പൂർണ്ണമായും നനഞ്ഞു കുതിരാനും കാരണമാകുന്നു. ഇത് എഴുതുന്നതിനും വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനും ഉൾപ്പെടെ പ്രയാസമുണ്ടാക്കിയേക്കാം. വേനൽക്കാല വിയർപ്പ് സാഹചര്യത്തിനനുസരിച്ച് എപ്പോഴെങ്കിലും ഉണ്ടാകുന്നതാണെങ്കിൽ, ഹൈപ്പർഹൈഡ്രോസിസ് പതിവായി സംഭവിക്കുന്ന ഒന്നാണ്.

ഇതിന് ചില പരിഹാരമാർ​ഗങ്ങൾ ഉണ്ട്. അലുമിനിയം ക്ലോറൈഡ് അടങ്ങിയ ഉയർന്ന വീര്യമുള്ള ആന്റിപെർസ്പിറന്റുകൾ രാത്രി ഉറങ്ങുന്നതിന് മുമ്പ് ഉപയോഗിക്കുന്നത് വിയർപ്പ് കുറയ്ക്കാൻ സഹായിക്കും. ദിവസവും ബാക്ടീരിയ വിരുദ്ധ സോപ്പ് ഉപയോഗിച്ച് കുളിക്കുകയും ശരീരം നന്നായി ഉണക്കുകയും ചെയ്യുക. വായുസഞ്ചാരമുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.

രാത്രികാലങ്ങളിൽ എരിവുള്ള ഭക്ഷണങ്ങൾ, കഫീൻ, മദ്യം എന്നിവ ഒഴിവാക്കുന്നത് ഗുണകരമാകും. ആപ്പിൾ സിഡെർ വിനെഗറോ ബേക്കിംഗ് സോഡയോ വിയർപ്പുള്ള ഭാഗങ്ങളിൽ പുരട്ടുന്നത് വിയർപ്പ് കുറയ്ക്കാൻ സഹായിക്കും. കട്ടൻ ചായയോ പച്ച ചായയോ ഉപയോഗിച്ച് കൈപ്പത്തികളിലും പാദങ്ങളിലും ഒപ്പുന്നതും ഫലപ്രദമാണ്.

ശ്രദ്ധിക്കുക: ഈ വിവരങ്ങൾ പൊതുവായ അറിവിനായി മാത്രമുള്ളതാണ്. കൂടുതൽ വിവരങ്ങൾക്കും ചികിത്സയ്ക്കുമായി ഒരു വിദഗ്ധ ഡോക്ടറുടെ ഉപദേശം തേടുക.



Post a Comment

أحدث أقدم

AD01