വീടിനുള്ളിൽ ബൈക്ക് സ്റ്റാർട്ട് ചെയ്ത് വെച്ചു; പുക ശ്വസിച്ച് മുത്തച്ഛനും മൂന്ന് കൊച്ചുമക്കളും മരിച്ചു, സംഭവം ആന്ധ്രയിൽ


മോട്ടോർ ബൈക്ക് സ്റ്റാർട്ട് ചെയ്ത് വെച്ചതിനെ തുടർന്നുണ്ടായ പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. മുത്തച്ഛനും അദ്ദേഹത്തിന്റെ മൂന്ന് കൊച്ചുമക്കളും ആണ് മരിച്ചത്. ആന്ധ്രാപ്രദേശിലെ പുങ്കനൂർ ടൗണിലെ ത്യാഗരാജ സ്ട്രീറ്റിൽ ശനിയാഴ്ച രാത്രിയാണ് ഈ ദാരുണമായ സംഭവം നടന്നത്. രാമചന്ദ്രയ്യ (70), മകൻ കാർത്തിക് (15), ഇരട്ട പെൺമക്കളായ ചരിത, ചന്ദന (8) എന്നിവർ ആണ് മരിച്ചത്. ഹെയർ സലൂൺ നടത്തുന്ന മുരളി എന്നയാൾ തന്റെ ബൈക്കിന്റെ ബോർ പിസ്റ്റൺ മാറ്റിയതിനെത്തുടർന്ന്, എൻജിൻ രാത്രി മുഴുവൻ പ്രവർത്തിപ്പിക്കാൻ മെക്കാനിക് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ജനലുകളും വാതിലുകളും അടച്ച് മുരളി ബൈക്ക് വീടിനുള്ളിൽ സ്റ്റാർട്ട് ചെയ്ത് വെച്ചു. മുരളിയും ഭാര്യ രേവതിയും ടെറസിൽ ഉറങ്ങാൻ പോയപ്പോൾ, പിതാവ് രാമചന്ദ്രയ്യ, മകൻ കാർത്തിക് (15), ഇരട്ട പെൺമക്കളായ ചരിത, ചന്ദന (8) എന്നിവർ വീടിനുള്ളിലാണ് ഉറങ്ങിയത്. രാത്രി മുഴുവൻ ബൈക്കിൽ നിന്ന് പുറത്തുവന്ന പുക വീടിനുള്ളിൽ നിറഞ്ഞതോടെ ഉറക്കത്തിലായിരുന്ന നാലുപേരും ശ്വാസംമുട്ടി മരിക്കുകയായിരുന്നു. കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണ് മരണകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.



Post a Comment

أحدث أقدم

AD01