ശബരിമല യുവതീ പ്രവേശനം ; ആചാരങ്ങളിൽ അവസാനതീർപ്പ് കോടതി അല്ല, പന്തളം കൊട്ടാരം സുപ്രീംകോടതിയിൽ


ശബരിമല യുവതീ പ്രവേശത്തിൽ സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കി പന്തളം കൊട്ടാരം. ആചാരങ്ങളിൽ അവസാന തീർപ്പ് പറയേണ്ടത് കോടതിയല്ല വര്ഷങ്ങളായി തുടരുന്ന ആചാരം സംരക്ഷിക്കണം. മതസ്വാതന്ത്ര്യത്തിൽ ദേവതകൾക്കും അവകാശമുണ്ടെന്നാണ് പന്തളം കൊട്ടാരത്തിന്റെ വാദം.യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പന്തളം കൊട്ടാരത്തിന് പുറമെ മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗും കോടതിയിൽ വാദങ്ങൾ സമർപ്പിച്ചിട്ടുണ്ട്. ബിന്ദു അമ്മിണിക്കും കനകദുർഗക്കുമായി സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകയാണ് ഇന്ദിരാ ജയ് സിംഗ്. സ്ത്രീ പ്രവേശനം അനുവദിക്കണമെന്നാണ് വാദം. വ്യക്തിസ്വാതന്ത്ര്യത്തിന് മുകളിൽ അല്ല മതസ്ഥാപനങ്ങൾക്കുള്ള പ്രത്യേക അവകാശങ്ങൾ. സ്ത്രീ സ്വാതന്ത്ര്യം ,ലിംഗസമത്വം എന്നിവയ്ക്ക് മുകളിൽ അല്ല മതസ്വാതന്ത്ര്യംമെന്നും പൊതു താൽപര്യ ഹർജിയിലൂടെ കോടതികൾക്ക് മതാചാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടാൻ ആകുമെന്നുമാണ് അഭിഭാഷകയുടെ കോടതിയിലെ വാദം. അതേസമയം, ശബരിമല യുവതീ പ്രവേശനത്തിൽ ഇത്തവണ ഏറെ ജാഗ്രതയോടെയാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. കേസിലെ 7 ഭരണഘടന വിഷയങ്ങളിൽ 17 പേജുകളിലായാണ് സംസ്ഥാന സർക്കാർ വാദം സമർപ്പിച്ചത്. മത ആചാരങ്ങളിൽ ജുഡീഷ്യൽ അവലോകനം നടത്തുമ്പോൾ ആ മതത്തിലെ പണ്ഡിതന്മാരുമായും സാമൂഹിക പരിഷ്കർത്താക്കളുമായും കൂടിയാലോചിച്ചായിരിക്കണം. ഇവരുടെ അഭിപ്രായങ്ങൾ ഒരു നിഷ്പക്ഷ അധികാരി എന്ന നിലയിൽ വിലയിരുത്തിയ ശേഷം കോടതി തീരുമാനമെടുക്കണം.മതപരമായ ആചാരത്തിന്റെ പേരിൽ അതി ഗുരുതരമായ മനുഷ്യാവകാശ ലംഘനം ഉണ്ടായാൽ മതവിഭാഗത്തിൽ പെടാത്ത വ്യക്തിക്ക് അത് ചോദ്യം ചെയ്യാമെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.

രാജ്യത്തെ നിയമത്തെ അവഹേളിക്കുന്നതോ സാമൂഹിക മാന്യതയ്‌ക്കോ വിരുദ്ധമോ ആയ ഒരു കാര്യത്തെയും മതാചാരം എന്ന നിലയിൽ അംഗീകരിക്കാൻ ആകില്ല എന്നും സർക്കാർ.ശബരിമല സ്ത്രീപ്രവേശനത്തില്‍ പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ തീരുമാനമെടുക്കാനാവില്ല എന്നു സംസ്ഥാന സർക്കാർ വ്യക്തമാക്കി.ശബരിമലയിൽ പ്രവേശിക്കുന്നതിന് ആരെയും വിലക്കരുത് എന്ന 2007 ലെ വി എസ് സർക്കാരിന്റെ സത്യവാങ്മൂലത്തിലെ ഭാഗം ഇത്തവണ സംസ്ഥാന സർക്കാർ ഒഴിവാക്കി. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നോ ഇല്ലയോ എന്ന കാര്യത്തിൽ ഒരു വ്യക്തത ഈ വാദങ്ങളിൽ ഇല്ല.സുപ്രീംകോടതിയുടെ വിശാല ഭരണഘടനാ ബെഞ്ച് വാദം കേൾക്കുന്ന ഘട്ടത്തിൽ യുവതീ പ്രവേശനത്തെ സർക്കാർ അനുകൂലിക്കുന്നുണ്ടോ എന്ന ചോദ്യം ഉണ്ടായാൽ ഇതേ സർക്കാരിന് നിലപാട് അറിയിക്കേണ്ടി വരും.



Post a Comment

أحدث أقدم

AD01