ദേശീയപാത ഉദ്‌ഘാടനം; പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയത് ബിജെപിയുടെ രാഷ്ട്രീയ



കേരളത്തിലെ ദേശീയപാത വികസനത്തിന്റെ ആദ്യഘട്ട റീച്ചിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പിനെയും മന്ത്രിയെയും പൂർണ്ണമായും ഒഴിവാക്കിയത് വിചിത്രവും പ്രതിഷേധാർഹവുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കേന്ദ്ര സർക്കാർ കേരളത്തോട് രാഷ്ട്രീയ പകപോക്കലാണ് കാണിക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദേശീയപാതയ്ക്കായി ഭൂമി ഏറ്റെടുക്കുന്ന ഘട്ടത്തിൽ ബിജെപിയും യുഡിഎഫും ചേർന്ന് വലിയ സമരങ്ങളാണ് നടത്തിയത്. കീഴാറ്റൂരിലടക്കം കോൺഗ്രസും ബിജെപിയും കൈകോർത്ത് വികസനത്തെ തടയാൻ നോക്കി. എന്നാൽ ഇത്തരം എതിർപ്പുകളെയെല്ലാം ഫലപ്രദമായി പ്രതിരോധിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ ദേശീയപാത യാഥാർത്ഥ്യമാക്കിയത്. പദ്ധതിയുടെ രണ്ടാം റീച്ച് കടന്നുപോകുന്നത് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലത്തിലൂടെയാണ്. എന്നിട്ട് പോലും വകുപ്പ് മന്ത്രിയെ പരിപാടിയിൽ നിന്ന് മാറ്റിനിർത്തിയത് രാഷ്ട്രീയ മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ അഭിമാനമായ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് (ULCCS) പദ്ധതിയുടെ ഒന്നാമത്തെ റീച്ചായ 39 കിലോമീറ്റർ റോഡ് നിർമ്മിച്ചത്. ഇത് കേരളത്തിന്റെ മികച്ച നിർമ്മാണ മാതൃകയുടെ അടയാളപ്പെടുത്തൽ കൂടിയാണ്. എന്നാൽ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെ പോലും അറിയിക്കാതെ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർനെ പങ്കെടുപ്പിക്കുന്നത് ഏത് പ്രോട്ടോക്കോൾ അനുസരിച്ചാണെന്ന് ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു. തികച്ചും പക്ഷപാതപരമായ നിലപാടാണ് ബിജെപി സർക്കാരിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




Post a Comment

أحدث أقدم

AD01