സംസ്ഥാനത്ത് ഇതുവരെ എച്ച്പിവി വാക്‌സിന്‍ എടുത്തത് 33 ശതമാനം പെണ്‍കുട്ടികള്‍


തിരുവനന്തപുരം: ഗര്‍ഭാശയഗള അര്‍ബുദത്തെ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സൗജന്യ ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്പിവി) വാക്‌സിനേഷന്‍ ക്യാംപെയ്ന്‍ അവസാനിക്കാനിരിക്കെ 32.9 ശതമാനം പെണ്‍കുട്ടികള്‍ മാത്രമാണ് കുത്തിവയ്പ്പ് സ്വീകരിച്ചത്. വ്യാഴാഴ്ചവരെയുള്ള കണക്കുപ്രകാരം 14 മുതല്‍ 15 വയസ്സുള്ള 88,351 പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 28 മുതല്‍ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങള്‍ വഴി സൗജന്യമായി വാക്‌സിന്‍ നല്‍കുന്ന പദ്ധതി ഈ മാസം 31ന് അവസാനിക്കും. സ്വകാര്യ ആശുപത്രികളില്‍ 4,000 മുതല്‍ 6,500 രൂപവരെ വില വരുന്ന വാക്‌സിനാണ് സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്യുന്നത്. വാക്‌സിനേഷന്‍ മന്ദഗതിയിലാകാന്‍ പ്രധാന കാരണം ബോധവത്കരണത്തിന്റെ കുറവാണെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. പരിചിതമല്ലാത്ത വാക്‌സിനെക്കുറിച്ചുള്ള ആശങ്കകളും തെറ്റിദ്ധാരണകളും രക്ഷിതാക്കളെ പിന്നോട്ടുവലിക്കുന്നതായി ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഗര്‍ഭാശയഗള അര്‍ബുദം. 99.7 ശതമാനം കേസുകള്‍ക്കും ഹ്യൂമന്‍ പാപ്പിലോമ വൈറസ് മൂലമുള്ള തുടര്‍ച്ചയായ അണുബാധയാണ് കാരണമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് പ്രതിവര്‍ഷം ഒരു ലക്ഷം സ്ത്രീകളില്‍ 11.6 പേര്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെടുന്നുവെന്നും ഇവരില്‍ പകുതിയോളം പേര്‍ മരണത്തിന് കീഴടങ്ങുന്നുവെന്നും കണക്കുകള്‍ പറയുന്നു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും വാക്‌സിന്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. സ്വകാര്യ ആശുപത്രികളില്‍ പണമടച്ച് വാക്‌സിന്‍ സ്വീകരിക്കേണ്ടതുണ്ട്. ജില്ലകളില്‍ പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ പ്രതികരണം രേഖപ്പെടുത്തിയത്. ഇവിടെ ലക്ഷ്യവിഭാഗത്തിലെ 68.9 ശതമാനം പെണ്‍കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചു. കൊല്ലം (51.8%), ആലപ്പുഴ (48%), തിരുവനന്തപുരം (43.4%) ജില്ലകളും മുന്നിലാണ്. മറുവശത്ത് മലപ്പുറത്ത് 11.8 ശതമാനവും കാസര്‍കോട് 19.7 ശതമാനവും കോഴിക്കോട് 22.3 ശതമാനവും മാത്രമാണ് നേട്ടം. വാക്‌സിന്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും ഗര്‍ഭാശയഗള അര്‍ബുദത്തിനെതിരേ 90 ശതമാനത്തിലധികം പ്രതിരോധശേഷി നല്‍കുന്നുവെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി. ആശങ്കകള്‍ ഒഴിവാക്കി പെണ്‍കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്നും അവര്‍ അഭ്യര്‍ഥിച്ചു.



Post a Comment

أحدث أقدم

AD01