കൊതുകിനെ തുരത്താൻ അഗർബത്തികൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എന്നാൽ സൂക്ഷിച്ചോ! ദേശീയ ഡെങ്കിപ്പനി ദിനത്തിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ ഞെട്ടിക്കുന്നത്


നമ്മളെല്ലാവരും കൊതുകിനെ തുരത്താനായി വിവിധ മാർഗങ്ങൾ അവലംബിക്കുന്നവരാണ്. അതിൽ പ്രധാനപെട്ടതാണ് കൊതുകിനെ തുരത്തുന്ന അഗർബത്തികൾ. നിരവധി പേർ വിവിധങ്ങളായ അഗർബത്തികൾ ഇതിനായി ഉപയോഗിക്കാറുണ്ട്, എന്നാൽ അങ്ങനെയുള്ളവർ ഒന്ന് സൂക്ഷിക്കണം. ദേശീയ ഡെങ്കിപ്പനി ദിനമായി ആചരിക്കുന്ന മെയ് 16 ന് മുന്നോടിയായി പുറത്തിറക്കിയ ഒരു സർവേയിൽ, പരീക്ഷിക്കപ്പെടാത്തതും നിയമവിരുദ്ധവുമായ ‘കൊതുകു നിവാരണ’ അഗർബത്തികൾ ഡെങ്കിപ്പനിക്കും മലേറിയയ്ക്കും കാരണമാകുന്ന കൊതുകുജന്യ വൈറസുകളേക്കാൾ വലിയ ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് സൂചിപ്പിക്കുന്നു. ഇന്ത്യയിലെ കൊതുകു നിവാരണ അഗർബത്തിയുടെ വിപണി മൂല്യം ഏകദേശം ₹2,000 കോടിയാണ്. ഇതിൽ 85 ശതമാനവും നിയമവിരുദ്ധമോ നിയന്ത്രണമില്ലാത്തതോ ആയ കമ്പനികളുടെ കൈകളിലാണെന്ന് ഹോം ഇൻസെക്റ്റ് കൺട്രോൾ അസോസിയേഷൻ (HICA) ന്റെ കീഴിൽ മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കാന്തർ നടത്തിയ പഠനത്തിൽ കണ്ടെത്തി. 12 ഇന്ത്യൻ നഗരങ്ങളിലായി 1,264 വീടുകൾ, 405 ഡോക്ടർമാർ തുടങ്ങിയവരെ ഉപയോഗപ്പെടുത്തി നടത്തിയ പഠനങ്ങളിലാണ് ഈ കാര്യങ്ങൾ പുറത്തുവന്നത്.

അഗർബത്തികളിൽ നിന്നുവരുന്ന പുകകൾ നിരന്തരം ശ്വസിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഈ പുക ഭാവിയിൽ വലിയ ശ്വാസകോശ സംബന്ധമായ അപകടങ്ങൾക്ക് കാരണമായേക്കാം.

വിപണിയിൽ വിൽക്കുന്ന ചില കൊതുകു നിവാരണ മരുന്നുകൾ ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് ഇത്തരം ആരോഗ്യ പ്രശ്‌നത്തിന് കാരണം. ചില ഉൽപ്പന്നങ്ങളിൽ പൈറെത്രോയിഡുകൾ, ഓർഗാനോഫോസ്ഫേറ്റുകൾ, ഘന ലോഹങ്ങൾ, ശ്വസനവ്യവസ്ഥയെ പ്രകോപിപ്പിക്കുന്ന മറ്റ് സംയുക്തങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്.

കൊതുകു നിവാരണ മരുന്നുകളുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ശ്വസന പ്രശ്നങ്ങളും അലർജികളും വർധിച്ചുവരികയാണെന്ന് പഠനങ്ങൾ പറയുന്നു. സർക്കാർ അംഗീകാരമില്ലാത്ത, നിർബന്ധിത കേന്ദ്ര കീടനാശിനി രജിസ്ട്രേഷൻ (CIR) ലേബൽ ഇല്ലാത്ത, വ്യക്തമായ ചേരുവ വെളിപ്പെടുത്താത്ത ഉൽപ്പന്നങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ കമ്പനികൾ വിൽക്കുന്നുണ്ടെന്ന് ഈ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ഈ ഉൽപ്പന്നങ്ങൾ പ്രധാനമായും കംഫർട്ട്, സ്ലീപ്പ്‌വെൽ, റിലാക്സ്, സൺ-റിലാക്സ്, സുഭാനിത്ര, ഹണ്ടിംഗ് ടൈഗർ, ഹൈ വോൾട്ടേജ്, ഹാപ്പി നൈറ്റ്, ഡെങ്കി കില്ലർ, ഹൈ-പവർ തുടങ്ങിയ പേരുകളിലാണ് വിപണിയിൽ വിൽക്കുന്നത്.



Post a Comment

أحدث أقدم

AD01