15 മുതൽ ഇരിട്ടിയിൽ ഗതാഗത പരിഷ്കരണം നടപ്പിലാക്കും പയഞ്ചേരി മുക്കിലെ പ്രവർത്തനരഹിതമായ സിഗ്നൽ സംവിധാനം പുനസ്ഥാപിക്കും.

 



                     


ഇരിട്ടി: ഇരിട്ടി നഗരത്തിലെ വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി 15 മുതൽ ഗതാഗത പരിഷ്‌കരണം നടപ്പിലാക്കാൻ ഇരിട്ടി നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു. നഗരസഭാ ചെയർമാൻ വി. വിനോദ് കുമാറിന്റെ അധ്യക്ഷതയിൽ നഗരസഭാ ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പയഞ്ചേരി മുക്കിൽ  മാസങ്ങളായി മിഴയടച്ച സിഗ്നൽ സംവിധാനം പുനസ്ഥാപിക്കുന്നതിന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഉത്സവ സീസണും സ്‌കൂൾ പ്രവർത്തനവും ആരംഭിച്ചതോടെ നഗരത്തിൽ വർധിച്ചു വരുന്ന ഗതാഗതക്കുരുക്ക് യോഗത്തിൽ വലീയ ചർച്ചയായി. പരിഷ്‌ക്കാരം നടപ്പിലാക്കേണ്ട പോലീസിന്റെ അഭാവം യോഗത്തിൽ അംഗങ്ങൾ ഉന്നയിച്ചു.

ടൗണിൽ അരമണിക്കൂറിൽ കൂടുതൽ പാർക്ക് ചെയ്യുന്ന സ്വകാര്യ വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റാൻ നടപടി സ്വീകരിക്കും. തലശ്ശേരി, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നവർ വാഹനങ്ങൾ റോഡരികിൽ നിർത്തിയിടുന്നതും ഗതാഗതക്കുരുക്കിന് കാരണമാകുന്നതായി യോഗം വിലയിരുത്തി.ഇത്തരം വാഹനങ്ങൾ നഗരസഭയുടെ പേ പാർക്കിങ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് നിർദേശിച്ചു. ട്രാഫിക് പരിഷ്‌കരണം ഫലപ്രദമായി നടപ്പാക്കുന്നതിനായി വളണ്ടിയർമാരെ നിയോഗിക്കുന്നതും ആലോചനയിലുണ്ട്. കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ സൗകര്യമില്ലാത്ത ഭാഗങ്ങളിൽ കൈവരികൾ സ്ഥാപിക്കുന്നതും പരിഗണിക്കും. ടൗണിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന തലാൽ സൂപ്പർമാർക്കറ്റിന് മുന്നിലെ പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് യോഗത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു. ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ ഉറപ്പുനൽകി. റോഡ് മുറിച്ചുകടക്കുന്നതിനുള്ള സീബ്രാ ലൈനുകൾ പല ഭാഗങ്ങളിലും മാഞ്ഞുപോയ സാഹചര്യത്തിൽ അവ വീണ്ടും അടയാളപ്പെടുത്താനും തീരുമാനമായി. യോഗത്തിൽ നഗരസഭ വൈസ് ചെയർപേഴ്‌സൺ കെ. സോയ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.പി. അബ്ദുൽ റഷീദ്, പി.വി. ജിഷ, ആർ.കെ. ഷൈജു, കെ.രാജൻ, കൗൺസിലർമാരായ പി.എ. നസീർ, സി. രജീഷ്, ഇരിട്ടി ജോയിന്റ് ആർടിഒ ആന്റണി മൈക്കിൾ, നഗരസഭാ സെക്രട്ടറി കെ. അൻഷിദ്, പിഡബ്ല്യുഡി ഓവർസിയർ അനുരാജ്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും വ്യാപാരി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.



Post a Comment

Previous Post Next Post

AD01