രാംലല്ലയെ കാണാൻ പഞ്ചാബിൽ നിന്ന് 6 വയസുകാരൻ ഓടിയെത്തിയത് 1000-ത്തിലധികം കിലോമീറ്ററുകൾ. പഞ്ചാബിലെ ഫാസിൽക ജില്ലയിലെ കിലിയൻവാലി എന്ന ഗ്രാമത്തിലെ മൊഹബത്ത് എന്ന കുട്ടിയാണ് 1200 കിലോമീറ്റർ ഓടിയെത്തിയത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. 2024 നവംബർ 15-നാണ് മൊഹബത്ത് യാത്ര ആരംഭിച്ചത്. ജനുവരി ഏഴിനാണ് കുട്ടി അയോദ്ധ്യയിലെത്തിയത്. ഒരു മാസവും 23 ദിവസവും കൊണ്ട് ആയിരത്തിലധികം കിലോമീറ്റർ ഓട്ടം പൂർത്തിയാക്കിയത്. 55 ദിവസം കൊണ്ടാണ് യാത്ര പൂർത്തിയാക്കിയത്.
ഓട്ടത്തിന്റെ വിഡിയോ ദൃശ്യങ്ങൾ വൈറലായി മാറിയിരുന്നു. ഇതിനിടയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണണമെന്നും മൊഹബത്ത് ആഗ്രഹം പ്രകടിപ്പിച്ചു. ഇതിന് പിന്നാലെ രാമക്ഷേത്രത്തിന്റെ വാർഷികാഘോഷങ്ങൾ നടക്കുന്ന വേദിയിൽ മൊഹബത്തിനെ ആദരിച്ചു. ബാലന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൊബൈൽ ഫോണും സമ്മാനമായി നൽകി. അയോദ്ധ്യ മേയർ മഹന്ത് ഗിരീഷ്പതി ത്രിപാഠിയും വേദിയിൽ സന്നിഹിതനായിരുന്നു. യാത്രകളും ജാഥകളും സംഘടിപ്പിക്കുന്ന പതിവുള്ള ഗ്രാമത്തിലാണ് മൊഹബത്ത് താമസിക്കുന്നത്. അവ കണ്ടുകണ്ടാണ് കുട്ടിക്ക് ഇത്തരത്തിലൊരു ആഗ്രഹം ജനിച്ചതെന്ന് പിതാവ് പറഞ്ഞു. പിതാവ് റിങ്കുവിനും ബന്ധുക്കൾക്കുമൊപ്പമാണ് മൊഹബത്ത് ഓട്ടം നടത്തിയത്.
إرسال تعليق