ബന്ദികളാക്കിയവരുടെ വിവരങ്ങൾ ഹമാസ് കൈമാറിയതായി വിവരം; ഇസ്രയേൽ വെടിനിർത്തലിന് തയ്യാറാകുമോ?


ഇസ്രയേൽ ആവശ്യപ്പെട്ടത് പ്രകാരം ബന്ദികളാക്കിയവരുടെ വിവരങ്ങൾ ഹമാസ് കൈമാറിയതായി വിവരം. ഇസ്രയേലിന് ഹമാസ് ഇന്ന് വിട്ടയക്കുന്നവരുടെ വിവരങ്ങൾ ലഭിച്ചതായി ഇസ്രയേൽ ടിവി റിപ്പോർട്ട് ചെയ്തു. ഈ വിവരം ലഭിച്ചാൽ വെടിനിർത്തലിന് തയ്യാറാകാമെന്നാണ് ബെഞ്ചമിൻ നെതന്യാഹു അറിയിച്ചത്. ഇനിയുള്ള ഇസ്രയേലിൻ്റെ നീക്കമാണ് നിർണായകം. അതിനിടെ ഗാസയിൽ ഇസ്രയേൽ അൽപ്പം മുൻപ് വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടതായും 20ലധികം പേർക്ക് പരുക്ക് പറ്റിയതായുമാണ് വിവരം. മുൻപ് അറിയിച്ചത് അനുസരിച്ചായിരുന്നെങ്കിൽ ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്കായിരുന്നു വെടിനിർത്തൽ നിലവിൽ വരേണ്ടിയിരുന്നത്. എന്നാൽ ബന്ദികളാക്കപ്പെട്ടവരുടെ ലിസ്റ്റ് ഹമാസ് പുറത്ത് വിടാതെ വെടിനിർത്തൽ അംഗീകരിക്കില്ലെന്നും ഹമാസിനെതിരെയുള്ള ആക്രമണം തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിക്കുകയായിരുന്നു. വെടിനിർത്തൽ നടപ്പാക്കേണ്ടതില്ലെന്ന് അദ്ദേഹം സൈന്യത്തിനും നിർദേശം നൽകി.

ആവശ്യമെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്ന് നെതന്യാഹു മുൻപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.വെടിനിർത്തൽ താത്കാലികമാണെന്നും ആവശ്യമുണ്ടെന്ന് തോന്നിയാൽ തങ്ങൾ യുദ്ധം പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്റ് ജോ ബൈഡനും നിയുക്ത പ്രസിഡന്റ് ഡോണൾഡ്‌ ട്രംപും തങ്ങളുടെ ഈ നിലപാടിനെ പിന്തുണച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.ഇതോടെയാണ് വെടിനിർത്തൽ അനിശ്ചിത്വത്തിലായത്.അതേസമയം ബന്ദികളാക്കപ്പെട്ടവരുടെ ലിസ്റ്റ് പുറത്ത് വിടാത്തത് സാങ്കേതിക തകരാർ മൂലമാണെന്ന് ഹമാസ് പ്രതികരിച്ചതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം ഇസ്രയേൽ ക്യാബിനറ്റ് വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയെങ്കിലും ഹമാസ് കരാറിൽ ലംഘനം കാണിച്ചുവെന്നും അതിനാൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരാനുള്ള സാധ്യത കുറവാണെന്നും ഇസ്രയേൽ പറഞ്ഞിരുന്നു. ബന്ദികളാക്കപ്പെട്ടവരുടെ ലിസ്റ്റ് പുറത്ത് വിടാതെ വെടിനിർത്തൽ അംഗീകരിക്കില്ലെന്നും കരാറിൽ ഹമാസ് ലംഘനം നടത്തുന്നത് തങ്ങൾക്ക് ഒരു രീതിയിലും അനുവദിക്കാൻ കഴിയില്ലെന്നുമാണ് ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞത്.

അതേസമയം വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ അടക്കം പുരോഗമിക്കുമ്പോഴും ഗാസയിൽ ഇസ്രയേൽ കൂട്ട കുരുതി തുടരുന്ന കാഴ്ച കഴിഞ്ഞ ദിവസങ്ങളിൽ ദൃശ്യമായിരുന്നു. വെടിനിർത്തൽ കരാറിലേക്ക് ചർച്ചകൾ കടന്നതിന് ശേഷം ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ നൂറ്റിരുപതോളം പേർക്കാണ് ജീവൻ നഷ്ടമായത്.



Post a Comment

Previous Post Next Post

AD01

 


AD02