ഓയോയും സ്ട്രിക്ട് ആകുന്നു; അവിവാഹിതര്‍ക്ക് ഇനി എളുപ്പത്തില്‍ മുറി കിട്ടില്ല

 


അവിവാഹിതരായ ജോഡികള്‍ക്ക് വളരെയെളുപ്പത്തില്‍ മുറി നല്‍കുന്നവര്‍ എന്ന വിമര്‍ശനങ്ങള്‍ക്കൊടുവില്‍ സ്ട്രിക്ട് ആകാനൊരുങ്ങി ട്രാവല്‍ ബുക്കിംഗ് കമ്പനിയായ ഓയോ. കമ്പനിയുടെ പുതുക്കിയ നയം പ്രകാരം ഇനി അവിവാഹിതരായ സ്ത്രീയ്ക്കും പുരുഷനും ഒരുമിച്ച് ഓയോയില്‍ മുറി ലഭിക്കില്ല. ആദ്യഘട്ടത്തില്‍ മീററ്റിലാണ് പുതിയ മാറ്റം നിലവില്‍ വരിക. പൊതുസമൂഹത്തില്‍ നിന്നും സാമൂഹ്യ കൂട്ടായ്മകളില്‍ നിന്നും വന്ന എതിര്‍പ്പ് പരിഗണിച്ചുകൊണ്ടാണ് ഓയോ വളരെ വേഗത്തില്‍ മീററ്റില്‍ മാറ്റത്തിനൊരുങ്ങുന്നത്. പുതിയ മാറ്റമനുസരിച്ച് സ്ത്രീയും പുരുഷനും തങ്ങള്‍ ചെക്ക് ഇന്‍ ചെയ്യുന്ന സമയത്ത് തന്നെ തങ്ങളുടെ ബന്ധം തെളിയിക്കുന്ന രേഖകള്‍ കാണിക്കണം. ഓണ്‍ലൈന്‍ ബുക്കിംഗ് ആണെങ്കില്‍ പോലും രേഖകളും തെളിവുകളും കൃത്യമായി അപ്ലോഡ് ചെയ്തിരിക്കണം. അവിവാഹിതരായ ജോഡികള്‍ക്ക് മുന്‍പ് ഒയോ പങ്കാളിത്തമുള്ള ഹോട്ടലുകള്‍ വളരെ എളുപ്പത്തില്‍ മുറി അനുവദിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ദമ്പതികള്‍ക്ക് മുറി നല്‍കുന്നത് ഓരോ ഹോട്ടല്‍ അധികൃതരുടേയും വിവേചനാധികാരമാകും. ഇതില്‍ ഒയോയ്ക്ക് യാതൊരു തരത്തിലുമുള്ള ഉത്തരവാദിത്തമുണ്ടാകില്ല.പുതിയ നയമാറ്റം അതിവേഗത്തില്‍ തന്നെ പ്രാബല്യത്തില്‍ വരണമെന്ന് ഒയോ തങ്ങള്‍ക്ക് പങ്കാളിത്തമുള്ള ഹോട്ടലുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവിവാഹിതര്‍ക്ക് മുറി നല്‍കുന്നത് സംബന്ധിച്ച് മീററ്റില്‍ നിന്നും തങ്ങള്‍ക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നുവെന്ന് ഒയോ അധികൃതര്‍ അറിയിച്ചു. മറ്റ് നഗരങ്ങളില്‍ നിന്നും സമാനമായ ചില ആവശ്യങ്ങള്‍ ഉയരുന്നുണ്ടെന്നും ഒയോയുടെ ഉത്തരേന്ത്യന്‍ റീജണ്‍ ഹെഡ് പവാസ് ശര്‍മ അറിയിച്ചു. കുടുംബങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തീര്‍ത്ഥയാത്ര ചെയ്യുന്നവര്‍ക്കും തനിച്ച് യാത്ര ചെയ്യുന്നവര്‍ക്കും മതിയായ സുരക്ഷിതത്വമൊരുക്കാന്‍ പുതിയ നയമാറ്റം സഹായിക്കുമെന്നാണ് ഒയോ വിശ്വസിക്കുന്നത്.

WE ONE KERALA -NM



Post a Comment

Previous Post Next Post

AD01

 


AD02