ഓസ്കറിൽ ഇന്ത്യയിൽ നിന്ന് മത്സരിക്കാൻ ‘അനുജ’. ലൈവ് ആക്ഷൻ ഷോർട് ഫിലിം വിഭാഗത്തിലാണ് ഇന്ത്യൻ സാന്നിധ്യമായി ‘അനുജ’ തിരഞ്ഞെടുക്കപ്പെട്ടത്. സുചിത്ര മട്ടായി, ആദം ജെ ഗ്രേവ്സ് എന്നിവർ ചേർന്നൊരുക്കിയ ഹ്രസ്വ ചിത്രമാണ് ‘അനുജ’. ഇന്ത്യൻ വേരുകളുള്ള ചലച്ചിത്ര പ്രവർത്തകയാണ് സുചിത്ര മട്ടായി. ബാലവേല പ്രമേയമാക്കിയ ഹ്രസ്വചിത്രമാണ് ‘അനുജ’. ഡൽഹിയിലെ വസ്ത്ര നിർമാണ ശാലയിൽ ജോലി ചെയ്യുന്ന ഒൻപത് വയസുകാരിയുടെ കഥയാണ് ചിത്രം. മികച്ച ചിത്രത്തിനുള്ള ഓസ്‌കറിനായി പത്ത് ചിത്രങ്ങൾ അന്തിമ നോമിനേഷൻ പട്ടികയിൽ ഇടം നേടി. ദ ബ്രൂട്ടലിസ്റ്റ്, എമിലിയ പെരസ്, വിക്ക്ഡ് എന്നീ ചിത്രങ്ങൾക്ക് പത്ത് വീതം നോമിനേഷനുകൾ. 23 വിഭാഗങ്ങളിലായി ആകെ 120 നോമിനേഷനുകളാണ് ഉള്ളത്. ഫ്രഞ്ച് ചിത്രം എമിലിയ പെരസ് 13 നോമിനേഷനുകളിൽ ഇടംപിടിച്ചിട്ടുണ്ട്.
അഭിനേതാക്കളായ ബോവൻ യാങ്ങും റേച്ചൽ സെന്നോട്ടും ചേർന്നാണു നാമനിർദേശങ്ങൾ പ്രഖ്യാപിച്ചത്. .2025 മാർച്ച് 2-ന് ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ വെച്ചാണ് 97-ാമത് അക്കാദമി അവാർഡുകൾ പ്രഖ്യാപിക്കുക. എമിലിയ പരേസിലൂടെ മികച്ച നടിയായി മത്സരിക്കുന്ന കാർല സോഫിയ ഗാസ്കോൺ ഓസ്കർ നോമിനേഷൻ നേടുന്ന ആദ്യ ട്രാൻസ് അഭിനേതാവ് ആയും മാറി.
അതേസമയം ഓസ്കർ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ നോമിനേഷൻ പട്ടികയിൽ നിന്ന് ആടുജീവിതം പുറത്തായി. ഓൾ വി ഇമാജിൻ ആസ് ലൈറ്റും നോമിനേഷനിൽ ഇടം നേടിയില്ല. പ്രാഥമിക യോഗ്യത നേടിയ 323 ചിത്രങ്ങളുടെ പട്ടിക നേരത്തെ അക്കാദമി പുറത്തുവിട്ടിരുന്നു. ഇതിൽ 207 ചിത്രങ്ങൾക്ക് മികച്ച ചിത്രത്തിനുള്ള പുരസ്‍കാരത്തിനായി നോമിനേഷന് മത്സരിക്കാനാകുമായിരുന്നു. ആ 207 ചിത്രങ്ങളുടെ കൂട്ടത്തിൽ ആറ് ഇന്ത്യൻ സിനിമകളും ഇടംനേടിയിരുന്നു.
Post a Comment