സംവിധായകൻ ഷാഫി അന്തരിച്ചു


മലയാള ചലചിത്ര സംവിധായകൻ ഷാഫി (56)അന്തരിച്ചു. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് ഈ മാസം 16-നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഷാഫി ചികിത്സതേടിയത്.

വിദഗ്ധ പരിശോധനയില്‍ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

ഭാര്യ: ഷാമില. മക്കള്‍: അലീമ, സല്‍മ. സംവിധായകനും തിരക്കഥാകൃത്തുമായ റാഫി സഹോദരനാണ്. മൃതദേഹം കറുകപ്പിള്ളിയിലെ വീട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ 9.30 മുതല്‍ ഒരുമണിവരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ പൊതുദർശനത്തിന് വയ്ക്കും. വൈകീട്ട് നാലിന് കറുകപ്പിള്ളി ജുമാമസ്ജിദ് കബർസ്താനില്‍ കബറടക്കും.

എളമക്കര മൂത്തോട്ടത്ത് എം.പി. ഹംസയുടെയും നബീസയുടെയും മകനായി ജനിച്ച ഷാഫിയുടെ യഥാർഥ പേര് എം.എച്ച്‌. റഷീദ് എന്നാണ്. ബന്ധുവായ സംവിധായകൻ സിദ്ദീഖിന്റെയും സഹോദരൻ റാഫിയുടെയും പാതയിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. സംവിധാനം ചെയ്ത 17 സിനിമകളില്‍ ഏറെയും വമ്പൻ ഹിറ്റുകളായിരുന്നു.

രാജസേനന്റെയും റാഫി-മെക്കാർട്ടിൻ സംവിധായകരുടേയും സഹായിയാണ് സിനിമാരംഗത്തേക്കുള്ള പ്രവേശനം. 2001-ല്‍ പുറത്തിറങ്ങിയ വണ്‍മാൻഷോ എന്ന ചിത്രത്തിലൂടെ ഷാഫി സ്വതന്ത്ര സംവിധായകനായി. തുടർന്ന് നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളൊരുക്കി.

കല്യാണരാമൻ, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, ചോക്ലേറ്റ്, മേരിക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ്മാൻ, ടു കണ്‍ട്രീസ്, ഷെർലക്ക് ടോംസ് തുടങ്ങി 18 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇതില്‍ മജ എന്ന തമിഴ് ചിത്രവും ഉള്‍പ്പെടുന്നു. തൊമ്മനും മക്കളും എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ഇത്.

2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആയിരുന്നു അവസാനമൊരുക്കിയ ചിത്രം.


Post a Comment

Previous Post Next Post

AD01

 


AD02