യുഎസ് എയിഡ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ട്രംപ്; 300 പേരെ മാത്രം നിലനിര്‍ത്തും; ദരിദ്ര രാജ്യങ്ങള്‍ക്കുള്ള സഹായം നിര്‍ത്തിവയ്ക്കും


യു എസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് (US AID) ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കാന്‍ നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 9700ല്‍പരം ജീവനക്കാരെ പിരിച്ചുവിട്ട് അവരുടെ സ്ഥാനത്ത് വെറും 300 ജീവനക്കാരെ മാത്രം നിലനിര്‍ത്താനാണ് ട്രംപിന്റെ പദ്ധതിയെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പ്രകൃതി ദുരന്തങ്ങളേയും കടുത്ത പട്ടിണിയേയും കടുത്ത ജനാധിപത്യ ധ്വംസനങ്ങളേയും നേരിടുന്ന രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ഏജന്‍സിയാണ് യുഎസ് എയ്ഡ്. ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ ഒരു മുന്നറിയിപ്പുമില്ലാതെ പാതിയും നിര്‍ത്തുന്നത് ആഗോളതലത്തില്‍ തന്നെ ഒരു മാനവിക പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ലോകം ആശങ്കപ്പെടുകയാണ്. യുഎസ് എയ്ഡിന്റെ ആഫ്രിക്കന്‍ ബ്യൂറോയില്‍ 12 ജീവനക്കാരേയും ഏഷ്യ ബ്യൂറോയില്‍ 8 ജീവനക്കാരേയും മാത്രമേ നിലനിര്‍ത്തൂവെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദാരിദ്യം, പകര്‍ച്ചവ്യാധികള്‍, സംഘര്‍ഷങ്ങള്‍ എന്നിവ മൂലം വലയുന്ന ജനങ്ങള്‍ ഏറ്റവും കൂടുതല്‍ അധിവസിക്കുന്ന ഈ ഭൂഖണ്ഡങ്ങളിലേക്കുള്ള എയ്ഡ് സ്റ്റാഫുകളെ വെട്ടിച്ചുരുക്കുന്നത് വമ്പന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് സൂചന. സുഡാന്‍, ഗസ എന്നിവടങ്ങളില്‍ ഭക്ഷണം വാങ്ങുവാനുള്ള സാമ്പത്തിക സഹായവും നിര്‍ത്തി വെച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ട്രംപിന്റെ ഉറ്റ സുഹൃത്തും ലോകത്തിലെ ഏറ്റവും സമ്പന്നനുമായ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള പുനസംഘടനാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജീവനക്കാരെ വെട്ടിച്ചുരുക്കുന്നതെന്നാണ് സൂചന. മുന്‍പ് യുഎസ് എയ്ഡ് ജീവനക്കാരില്‍ പലരും ക്രിമിനലുകളാണെന്ന് മസ്‌ക് ആരോപിച്ചത് വലിയ വാര്‍ത്തയായിരുന്നു. പല ജീവനക്കാരോടും അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഏജന്‍സിയിലെ കരാര്‍ ജീവനക്കാരെ ഇതിനോടകം പിരിച്ചുവിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Post a Comment

Previous Post Next Post

AD01

 


AD02