ആരോഗ്യപ്പച്ചയെന്ന ഔഷധസസ്യത്തെ ലോകത്തിന് കാട്ടിക്കൊടുത്ത ആദിവാസികളിലൊരാളായ ഈച്ചൻ കാണിയെ (57) കാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടൂർ ചോനാംപാറ നഗർ സ്വദേശിയാണ്. ഈ മാസം 2 മുതൽ കാണാതായ ഈച്ചൻകാണിയെ ശനിയാഴ്ച ഉൾക്കാട്ടിലെ ഗുഹയ്ക്കുള്ളിൽനിന്നാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വിഷം കഴിച്ച് മരിച്ചെന്നാണ് പ്രാഥമിക നിഗമനമെന്നും രാസപരിശോധനാഫലം ലഭിച്ചാലേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂയെന്നും നെയ്യാർഡാം പൊലീസ് പറഞ്ഞു.വനത്തിനുള്ളിലുള്ള പാറയിടുക്കിൽ ജീർണിച്ചനിലയിലായിരുന്നു മൃതദേഹം. ദുർഗന്ധത്തെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസും ഫോറൻസിക് വിഭാഗവും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെത്തിച്ചത്.1987ൽ പശ്ചിമഘട്ട വനമേഖലയിൽമാത്രം കാണപ്പെടുന്ന ആരോഗ്യപ്പച്ചയെന്ന (ട്രൈക്കോപ്പസ് സൈലാനിക്കസ് ട്രാവൻകൂറിക്കസ്) ഔഷധസസ്യത്തെ പാലോട് ബൊട്ടാണിക്കൽ ഗാർഡനിലെ (ജെഎൻടിബിജിആർഐ) ഗവേഷകർക്ക് കാട്ടിക്കൊടുത്തത് കുട്ടിമാത്തൻകാണി, മല്ലൻകാണി, ഈച്ചൻകാണി എന്നിവരാണ്. പിന്നീട് ജെഎൻടിബിജിആർഐ ആരോഗ്യപ്പച്ച ഉപയോഗിച്ച് ആര്യവൈദ്യഫാർമസിയുമായി ചേർന്ന് ജീവനി എന്ന മരുന്ന് നിർമിക്കുകയും ലാഭവിഹിതം ആദിവാസി വിഭാഗമായ കാണിക്കാർക്ക് നൽകുകയും ചെയ്തുകാണിക്കാരുടെ നേതൃത്വത്തിൽ രൂപീകരിച്ച കാണിസമുദായ ക്ഷേമ ട്രസ്റ്റി സഹായത്തോടെയാണ് ആരോഗ്യപ്പച്ച കൃഷി ചെയ്തിരുന്നത്. ഈ ട്രസ്റ്റിന്റെ ആജീവനാന്ത എക്സിക്യൂട്ടീവ് അംഗം കൂടിയാണ് ഈച്ചൻ കാണി. 2002ലെ യുഎൻ ഇക്വേറ്റർ ഇനിഷ്യേറ്റീവ് പുരസ്കാരവും കേരള കാണി സമുദായ ക്ഷേമ ട്രസ്റ്റിന് ലഭിച്ചിരുന്നു. കുടുംബവുമായി അകന്നുകഴിയുകയായിരുന്നു ഈച്ചൻ കാണി.
WE ONE KERALA -NM
Post a Comment