'എം മുകുന്ദൻ്റെ പരാമര്‍ശം അവസരവാദപരം'; രവി പിള്ളയ്‌ക്കെതിരെയും ജി സുധാകരൻ്റെ വിമര്‍ശനം


ആലപ്പുഴ: പുരസ്‌കാരം കിട്ടിയാലും ഇല്ലെങ്കിലും എഴുത്തുകാര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന എം മുകുന്ദന്റെ പരാമര്‍ശത്തിനെതിരെ ജി സുധാകരന്‍. പരാമര്‍ശം അവസരവാദപരമാണെന്നും ഇതാണോ എഴുത്തുകാരുടെ മാതൃകയെന്നും ജി സുധാകരന്‍ ചോദിച്ചു. കലയും നാടകവും എല്ലാകാലത്തും ഭരണകൂടത്തെ എതിര്‍ക്കുന്നതാണ്. അനുകൂലിച്ചാല്‍ നാടകം ഇല്ല. ഭരണകൂടത്തിന്റെ ക്രൂരതകളെ എതിര്‍ക്കണമെന്നും ജി സുധാകരന്‍ പറഞ്ഞു. വ്യവസായി രവി പിള്ളക്കെതിരെയും ജി സുധാകരന്‍ പരോക്ഷ വിമര്‍ശനം ഉന്നയിച്ചു. യുവാക്കളെല്ലാം കരുനാഗപ്പള്ളിയിലെ കോടീശ്വരനെ കണ്ട് പഠിക്കണം എന്നാണ് ഒരു നേതാവ് പറഞ്ഞത്. ചെറുപ്പക്കാര്‍ പിന്തുടരേണ്ടത് കോടീശ്വരന്മാരെയാണെന്ന സന്ദേശം വന്നിരിക്കുന്നു. ഈ കോടീശ്വരന്‍ എങ്ങനെയാണ് കോടീശ്വരന്‍ ആയതെന്ന് വിശകലനമുണ്ടോയെന്നും സുധാകരന്‍ പറഞ്ഞു. അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ കേരള നിയമസഭയുടെ സാഹിത്യപുരസ്‌കാരം മുഖ്യമന്ത്രിയില്‍ നിന്നും സ്വീകരിച്ച് സംസാരിക്കവെയായിരുന്നു എം മുകുന്ദന്റെ പരാമര്‍ശം. 'സര്‍ക്കാരുമായും പ്രതിപക്ഷവുമായും എല്ലാവരുമായും എഴുത്തുകാര്‍ സഹകരിച്ചുപ്രവര്‍ത്തിക്കണം. വലിയൊരു കേരളത്തെ നിര്‍മ്മിക്കാന്‍ ഞാന്‍ ഇനിയും സര്‍ക്കാരിന്റേയും മുഖ്യമന്ത്രിയുടേയും കൂടെ നില്‍ക്കാന്‍ ശ്രമിക്കും. അധികാരത്തിന്റെ കൂടെ നില്‍ക്കരുതെന്ന് പറയുന്നത് തെറ്റായ ധാരണയാണെന്നും പുരസ്‌കാരം കിട്ടിയാലും ഇല്ലെങ്കിലും എഴുത്തുകാര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നുമായിരുന്നു എം മുകുന്ദന്റെ വാക്കുകള്‍.

Post a Comment

Previous Post Next Post

AD01

 


AD02