മുംബൈ മലയാളി സമാജങ്ങളുടെ ഭാവി യുവാക്കളുടെ കൈകളിൽ: അഡ്വ. കെ പി ശ്രീജിത്ത്


മുംബൈയിലെ മലയാളി സമാജങ്ങളുടെ ഭാവിയിൽ ആശങ്ക പങ്ക് വച്ച്  അഡ്വ. കെ പി ശ്രീജിത്ത്.പ്ലാറ്റിനം ജൂബിലി പിന്നിട്ട ഏഷ്യയിലെ ഏറ്റവും വലിയ മലയാളി സമാജമായ ഡോംബിവലി കേരളീയ സമാജത്തിന്റെ മാതൃകാപരമായ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച അഡ്വ കെ പി ശ്രീജിത്ത് മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും പല സംഘടനകളും അന്യാധീനപ്പെടുന്നതിലുള്ള ആശങ്കയും പങ്ക് വച്ചു . പ്രവർത്തിക്കാൻ ആളില്ലാതെയാണ് കോടികളുടെ ആസ്തിയുള്ള സമാജങ്ങൾക്ക് ഇത്തരം ദുരവസ്ഥയുണ്ടായതെന്നും ശ്രീജിത്ത് ചൂണ്ടിക്കാട്ടി. ഡോംബിവ്‌ലി കേരളീയ സമാജത്തിന്റെ വാർഷികാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു രാജ്യത്തെ മുൻ നിര നിയമോപദേശ കമ്പനിയുടെ സ്ഥാപക ഡയറക്ടർ. മലയാളി സമാജങ്ങളുടെ താക്കോൽ സ്ഥാനങ്ങളിലേക്ക് കടന്നു വരാൻ യുവാക്കൾക്ക് അവസരം നൽകണമെന്നും പരമ്പരാഗത പ്രവർത്തന ശൈലികളിൽ നിന്ന് മാറി ചിന്തിക്കാനാകണമെന്നും അഡ്വ. ശ്രീജിത്ത് പറഞ്ഞു. പൊതുവെ മലയാളികൾ കൂടുതലായും ഓഫീസ് ജോലികളിൽ വ്യാപൃതരാണെന്നും എന്നാൽ മാറിയ കാലത്ത് കേരളം പോലും സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ ലോകത്തിന് തന്നെ മാതൃകയാണെന്നും ശ്രീജിത്ത് ശ്രദ്ധയിൽ പെടുത്തി. പുതിയ തലമുറ കോളേജ് വിദ്യാഭ്യാസം കഴിഞ്ഞാൽ ജോലിയെക്കാൾ പരിഗണന നൽകുന്നത് പുതിയ സംരംഭങ്ങൾ തുടങ്ങുവാനാണെന്നും, ഇത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും ശ്രീജിത്ത് പറഞ്ഞു.

നിർമ്മിത ബുദ്ധി പോലുള്ള ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ സഹായത്തോടെ ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞാൽ ഇതിന്റെ ഗുണഭോക്താക്കളാകാൻ താല്പര്യമുള്ള മലയാളി യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ പ്രദാനം ചെയ്യാൻ കഴിയുമെന്നും ലോക കേരള സഭാംഗം കൂടിയായ ശ്രീജിത്ത് വ്യക്തമാക്കി. മലയാളി സമാജങ്ങളിൽ യുവ തലമുറയുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഇത്തരം നൂതന ആശയങ്ങളിലൂടെ ഫലപ്രദമായി സാധിക്കുമെന്നും ഇന്ത്യയിലും വിദേശത്തുമായി നിരവധി കോർപ്പറേറ്റ് കമ്പനികളുടെ നിയമോപദേശകനായ ശ്രീജിത്ത് പറഞ്ഞു. പ്രസിഡന്റ് രാധാകൃഷ്ണൻ നായർ, ജനറൽ സെക്രട്ടറി രാജശേഖരൻ നായർ, ചെയർമാൻ വർഗീസ് ഡാനിയൽ, ട്രഷറർ മനോജ് എന്നിവരും സംസാരിച്ചു. ചടങ്ങിൽ മുൻ കോർപ്പറേറ്റർ സായി ഷേലാർ വിശിഷ്ടാതിഥിയായിരുന്നു.

Post a Comment

أحدث أقدم

AD01

 


AD02