പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാവായ മുന്‍ പ്രസിഡന്റും സെക്രട്ടറിയും കസ്റ്റഡിയില്‍. സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് ഇ.എസ് രാജനെയും സെക്രട്ടറി രവികുമാറിനെയുമാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ 100 കോടിയുടെ തട്ടിപ്പാണ് നടന്നത്. കോണ്‍ഗ്രസ് നേതാവും പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റുമായ ഇ എസ് രാജന്‍,മുന്‍ സെക്രട്ടറി രവി കുമാര്‍, ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ നിയമവിരുദ്ധമായി സ്വന്തം പേരിലും ബിനാമി പേരിലും വായ്പകള്‍ എടുത്ത് തട്ടിപ്പ് നടത്തി എന്നാണ് പരാതികള്‍. ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ മുന്‍ സെക്രട്ടറിയുടെയും നിലവിലെ സെക്രട്ടറിയുടെയും ഭരണസമതി അംഗങ്ങളുടെയും പേരില്‍ 33.34 കോടി രൂപ പിഴ ചുമത്തിയിരിന്നു. വായ്പ വിതരണത്തില്‍ പല ഈടുകളിന്മേലും മൂന്നിരട്ടി വില ഉയര്‍ത്തി കാണിച്ചിരിക്കുകയാണ്. ഒരാളുടെ പേരില്‍ 20 ലക്ഷവും ഒരു വസ്തുവില്‍ പരമാവധി മൂന്ന് വായ്പകളും മാത്രമെ അനുവദിക്കാവു എന്നിരിക്കെ 10 മുതല്‍ 39 വായ്പകള്‍ വരെ നല്‍കി തിരിമറി നടത്തി.ഒരേ വസ്തുവില്‍ ഒന്നിലധികം ബ്രാഞ്ചുകളില്‍ നിന്ന് വായ്പകള്‍ തരപ്പെടുത്തുകയും ചെയ്തു.സംഭവത്തില്‍ രണ്ട് പേരെ മുന്നേ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
മുന്‍ ഭരണസമിതി അംഗങ്ങളും ജീവനക്കാരും അടക്കം 18 പേരാണ് പ്രതിസ്ഥാനത്ത് ഉള്ളത്. ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ രണ്ടുപേരുടെ ഒഴികെ ബാക്കി 16 പേരുടെയും ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് നടപടികളിലേക്ക് കടന്നിട്ടുള്ളത്.
Post a Comment