എമ്പുരാനെതിരായ സംഘപരിവാർ പ്രതിഷേധത്തിനിടെ സിനിമ കണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ലുലുമാളിലാണ് കുടുംബ സമേതം സിനിമ കാണാനെത്തിയത്. അതേസമയം, ഹിന്ദുത്വ ആക്രമണം നേരിടുന്ന സിനിമയ്ക്ക് പിന്തുണയുമായി ഡിവൈഎഫ്ഐയും രംഗത്തെത്തി. ഇന്ന് സാംസ്കാരിക പ്രതിരോധ പരിപാടി സംഘടിപ്പിക്കും. മഹാപ്രതിഭകളായ ചലച്ചിത്രതാരങ്ങളെയും അണിയറ പ്രവർത്തകരെയും ഭയപ്പെടുത്താൻ നോക്കിയാൽ, അതിനെ വകവച്ചു കൊടുക്കാൻ കഴിയില്ല. ഗുജറാത്ത് വംശഹത്യയെപ്പറ്റി പരാമർശിക്കുന്നവരെ മുഴുവൻ രാജ്യദ്രോഹികളാക്കുന്ന വിരട്ടൽ കൈയ്യിൽ വച്ചാൽ മതിയെന്നും ഡിവൈഎഫ്ഐ പറഞ്ഞു. ‘സംഘി തമ്പുരാൻമാർ എമ്പുരാനെ എതിർക്കുമ്പോൾ എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം. ഇത് കേരളമാണ്’ എന്ന പേരിൽ തിരുവനന്തപുരം മാനവീയം വീഥിയിൽ ഇന്ന് വൈകീട്ട് അഞ്ചുമണിക്കാണ് ഡിവൈഎഫ്ഐ പരിപാടി.
മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍റെ വിവാദ ഭാഗങ്ങള്‍ റീ എഡിറ്റ് ചെയ്ത് ചൊവ്വാഴ്ച തീയേറ്ററിൽ എത്തും. സിനിമക്ക് എതിരെ വലിയ രീതിയിലുള്ള സൈബർ അറ്റാക്ക് തുടരുകയാണ്. റീ എഡിറ്റിനു മുന്നേ സിനിമ കാണുവാനുള്ള തിരക്കിലാണ് സിനിമ പ്രേമികൾ. ഗുജറാത്ത് കലാപം അടക്കം സംഘപരിവാറിന് ഇഷ്ടപ്പെടാത്ത 17 രംഗങ്ങളിൽ മാറ്റം വരുത്തിയേക്കും. മാറ്റം വരുത്തിയ പതിപ്പ് സെൻസർ ബോർഡ് പരിശോധിക്കും.
വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ ലോകവ്യാപകമായി തീയറ്ററുകളില്‍ റിലീസ് ചെയ്തത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവാദവും പൊട്ടിപ്പുറപ്പെട്ടു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തുകയായിരുന്നു.
ഇതോടെ ചില രംഗങ്ങൾ മാറ്റാനും ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്യാനുമാണ് തീരുമാനം. കലാപത്തിന്റെ ദൃശ്യങ്ങൾ മാറ്റുന്നതിനോടൊപ്പം വില്ലൻ കഥാപാത്രത്തിന്റ പേരും മാറും. രണ്ട് ദിവസം കൊണ്ട് നൂറുകോടി ക്ലബ്ബിൽ കയറിയ സിനിമ വൻ ജനപിന്തുണയുമായി തിയറ്ററുകളിൽ മുന്നേറ്റം നടത്തുമ്പോഴാണ് സംഘപരിവാർ കനത്ത പ്രതിഷേധവുമായി രംഗത്തെത്തിയത്.
എമ്പുരാൻ ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സിനിമയാണെന്ന് ആർ എസ് എസ് മുഖവാരിക ഓർഗനൈസർ ആരോപിച്ചിരുന്നു. ഈ നിലയില്‍ ദേശീയ തലത്തില്‍ സിനിമ തുറന്നുകാട്ടപ്പെടണം എന്നതില്‍ സംശയമില്ലെന്നും ഓർഗനൈസർ ലേഖനത്തിലുണ്ട്. നായകൻ മോഹൻലാലിനും സംവിധായകൻ പൃഥ്വിരാജിനും തിരക്കഥാകൃത്ത് മുരളി ഗോപിക്കുമെതിരെ രൂക്ഷ വിമർശമാണ് ഓർഗനൈസർ അഴിച്ചുവിട്ടത്.
എന്നാൽ സംഘപരിവാറുകാരുടെ ഓലപ്പാമ്പ് കണ്ടും ഇവിടെയാരും ഭയപ്പെടുകയോ പുറകോട്ട് പോവുകയോ ചെയ്യേണ്ടതില്ലെന്നും മതനിരപേക്ഷത സംരക്ഷിക്കാൻ കേരളം ഒറ്റക്കെട്ടായി ഉണ്ടാവുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് എമ്പുരാൻ അണിയറ പ്രവർത്തകർക്ക് പിന്തുണയുമായെത്തുകയും ചെയ്തു.
Post a Comment