സൈബർ തട്ടിപ്പ്: തിരിച്ചുപിടിച്ചത് 172 കോടി, തട്ടിപ്പുതടയാൻ സൈബര്‍ വാൾ

 



രാജ്യത്ത് സൈബർ തട്ടിപ്പ് കുത്തനെ വർധിക്കുമ്പോൾ കർശന നടപടിയുമായി കേരള പൊലീസ്. മൂന്ന് വർഷത്തിനിടെ വ്യാജ ഫോൺകോളിലും വെബ്സൈറ്റുകളിലും കുടുങ്ങി മലയാളികൾക്ക് നഷ്ടമായതിൽ 172 കോടി രൂപ കേരള പൊലീസ്‌ സൈബർ വിഭാഗം തിരിച്ചുപിടിച്ചു. തട്ടിപ്പ് സംഘങ്ങളുടെ വിവിധ സംസ്ഥാനങ്ങളിലെ 48,826 ബാങ്ക് അക്കൗണ്ട്‌ മരവിപ്പിച്ചു. 17875 സിമ്മുകളും 53052 സ്മാർട്ട് ഫോണുകളും ബ്ലോക്ക് ചെയ്തു. 2024ൽ മാത്രം സംസ്ഥാനത്ത് 764 കോടി രൂപയാണ് സൈബർ തട്ടിപ്പിലൂടെ നഷ്ടമായത്. ഇതിൽ 108 കോടി രൂപ പൊലീസ് വീണ്ടെടുത്തു. ഈ വർഷം ഇതുവരെ നഷ്ടമായ 175 കോടി രൂപയിൽ 25 കോടി രൂപയും വീണ്ടെടുത്തു. രാജ്യത്ത് ഒരു വർഷത്തിനിടെ 16000 കോടിയോളം രൂപയുടെ തട്ടിപ്പ് നടക്കുന്നതായാണ് ഇന്ത്യൻ സൈബർ കോർഡിനേഷൻ സെന്ററിന്റെ കണക്ക്. വ്യാജ ഫോൺകോളിലും വെബ്സൈറ്റുകളിലും കുടുങ്ങി പണം നഷ്ടമാകുന്നത് തടയിടാൻ സൈബർ പോലീസിന്റെ നേതൃത്വത്തിൽ ഒരു മാസത്തിനുള്ള സൈബർ വാൾആപ്പ് പുറത്തിറക്കും. ഫോൺനമ്പരുകളും വെബ്സൈറ്റുകളും മറ്റും വ്യാജമാണോയെന്ന് ഉപയോക്താക്കൾക്കുതന്നെ പരിശോധിച്ച് ഉറപ്പാക്കാനുള്ള സംവിധാനമാണിത്‌. കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹായത്തോടെയാണ് തയ്യാറാക്കിയത്. നിർമിതബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെ ഫോൺ നമ്പരുകൾ, സാമൂഹികമാധ്യമ പ്രൊഫൈലുകൾ, വെബ്സൈറ്റുകൾ എന്നിവ പരിശോധിച്ച് ആധികാരികത ഉറപ്പാക്കാനാകും. തട്ടിപ്പ് നടന്നതിന് പിന്നാലെ ‘സുവർണ മണിക്കൂറിൽ’(ആദ്യ ഒരു മണിക്കൂർ) പൊലീസിൽ പരാതിപ്പെട്ടവരുടെ പണം വേഗത്തിൽ തിരിച്ചുപിടിക്കാനാകും. തട്ടിപ്പുരീതികൾക്കെതിരെ പൊലീസും സൈബർഡിവിഷനും നിരന്തരം ബോധവൽകരണം നടത്തുന്നുണ്ടെങ്കിലും പരാതികൾ ലഭിക്കുന്നത് വൈകിയാണ്. തട്ടിപ്പിനിരയായവർ എത്രയും വേഗം വിവരം 1930 എന്ന നമ്പറിൽ സൈബർ പോലീസിനെ അറിയിക്കണം. www.cybercrime.gov.in വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.

WE ONE KERALA -NM 



Post a Comment

Previous Post Next Post

AD01

 


AD02