ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പ് എന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കൈക്കൂലിക്കാരായ 700 ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ലിസ്റ്റ് വിജിലന്‍സ് തയ്യാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിക്കാരായ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോസ്ഥരും വിജിലന്‍സ് നിരിക്ഷണത്തിലുണ്ട്. അഴിമതി സംബന്ധിച്ച് ജനങ്ങളില്‍ നിന്നും ലഭിക്കുന്ന എല്ലാ പരാതികളും പരിശോധിച്ച് തുടര്‍ നടപടിയിലേക്ക് പോകും. നിരന്തരം അഴിമതിയും സ്വജനപക്ഷപാതവും ക്രമക്കേടുകളും നടത്തുന്നവരുടെയും കൈക്കൂലി വാങ്ങുന്നവരുടെയും പട്ടിക തയ്യാറാക്കി നിരീക്ഷിക്കുന്നുണ്ട്. പട്ടികയിലുള്ള ചില ഉദ്യോഗസ്ഥര്‍ ഇതിനകം തന്നെ വിജിലന്‍സ് പിടിയിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്
ഭരണതലത്തില്‍ അഴിമതി അവസാനിപ്പിക്കുക എന്നത് ഈ സര്‍ക്കാരിന്റെ സുവ്യക്തമായ നയമാണ്. അഴിമതിക്കെതിരെ അതിശക്തമായ മുന്നേറ്റം നടത്താനും അഴിമതിക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനും ഇതിനകം കഴിഞ്ഞിട്ടുണ്ട്.
നമ്മുടെ നാടിനെ ഇന്ത്യയുടെ വാണിജ്യ വ്യവസായ ഹബ്ബ് ആക്കി മാറ്റുന്നതിനും ലോകരാജ്യങ്ങളെയാകെ ആകര്‍ഷിക്കുന്ന തരത്തില്‍ നിക്ഷേപസൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനും അഴിമതി തുടച്ചു നീക്കുക തന്നെ വേണം. അതിനായി വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെ നടത്തിവരുന്ന 'അഴിമതി മുക്ത കേരളം' ക്യാമ്പയിന്‍ നിര്‍ണ്ണായക നേട്ടങ്ങള്‍ കൈവരിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ ആവിഷ്‌കൃത പദ്ധതികളുടെ നടത്തിപ്പും വികസന പ്രവര്‍ത്തനങ്ങളും ദൈനംദിന ജീവിത പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങളും സുതാര്യമായും കാര്യക്ഷമതയോടെയും ജനങ്ങളില്‍ എത്തിക്കുകയാണ് പ്രധാനം. സര്‍ക്കാര്‍ - അര്‍ദ്ധ സര്‍ക്കാര്‍ - പൊതുമേഖലാ സ്ഥാപനങ്ങളില്‍ സാധ്യതയുള്ള അഴിമതിയുടെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കുക എന്നതും പ്രധാന ലക്ഷ്യമാണ്.' ZERO TOLERANCE TO CORRUPTION' എന്നൊരു നയം തന്നെ ഇതിനായി നടപ്പാക്കുകയാണ്.പൊതുജനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി അവരുടെ ക്ഷേമത്തിനും ദുരിതനിവാരണത്തിനുമായി പ്രവര്‍ത്തിക്കേണ്ട വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ നടത്തുന്ന അഴിമതി അതീവ ഗൗരവമുള്ള വിഷയമാണ്. ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെടുകയോ സ്വീകരിക്കുകയോ ചെയ്യുമ്പോള്‍ അവരെ കുടുക്കാന്‍ വി എ സി ബി ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പ് എന്ന പദ്ധതി നടപ്പാക്കുന്നു. എല്ലാ ഓഫീസുകളിലും വിവരദാതാക്കളുടെ ശൃംഖല വികസിപ്പിച്ചെടുക്കുകയും അഴിമതിക്കാരെ നിരീക്ഷിക്കുകയും കൈക്കൂലി ആവശ്യപ്പെടുന്നതിനെതിരെ പരാതി നല്‍കാന്‍ സാധാരണക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പിന്റെ ഫലമായി 2025 ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി അഴിമതിക്കാരായ 36 പേരെ അറസ്റ്റ് ചെയ്തു. 25 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു (ജനുവരി-8, ഫെബ്രുവരി-9, മാര്‍ച്ച്-8). വിജിലന്‍സ് ചരിത്രത്തില്‍ മൂന്നു മാസത്തിനുള്ളില്‍ ഇത്രയധികം ട്രാപ്പ് കേസുകളും അറസ്റ്റും നടക്കുന്നത് ആദ്യമാണ്.ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം 8 കേസ്സുകളിലായി 14 പേരെയാണ് വിജിലന്‍സ് കൈയ്യോടെ പിടികൂടിയത്. ജനുവരിയില്‍ 8 കേസ്സുകളിലായി 9 പേരെയും ഫെബ്രുവരിയില്‍ 9 കേസ്സുകളിലായി 13 പേരെയും അറസ്റ്റ് ചെയ്തു. ഇതില്‍ 14 റവന്യൂ ഉദ്യോസ്ഥരും, തദ്ദേശ സ്വയംഭരണം,പോലീസ് വകുപ്പുകളില്‍ നിന്നും 4 വീതം ഉദ്യോഗസ്ഥരും, വനം വകുപ്പില്‍ നിന്ന് 2 പേരും, വാട്ടര്‍ അതോറിറ്റി, മോട്ടോര്‍ വാഹനം, രജിസ്‌ട്രേഷന്‍, എന്നീ വകുപ്പുകളില്‍ നിന്നും ഓരോരുത്തര്‍ വീതവും, കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ ഡെപ്യൂട്ടി ജനറല്‍ മാനേജരുമാണ്. ഇത് കൂടാതെ 4 ഏജന്റുമാരെയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നല്‍കാനെന്ന വ്യാജേന കൈക്കൂലി വാങ്ങിയ 4 പേരെയും വിജിലന്‍സ് അറസ്റ്റ്‌ചെയ്തു. ഡിജിറ്റല്‍ പണമിടപാടായി കൈക്കൂലി സ്വീകരിച്ചതും മദ്യം പാരിതോഷികമായി കൈപ്പറ്റിയതും ഇതില്‍പ്പെടും.വിജിലന്‍സ് നടപടികളുടേയും ശുപാര്‍ശകളുടേയും ഫലമായി മോട്ടോര്‍ വാഹന വകുപ്പിന്റെ ബോര്‍ഡര്‍ ചെക്ക് പോസ്റ്റ് രാത്രി കാലങ്ങളില്‍ നിര്‍ത്തലാക്കി. വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനകളെ തുടര്‍ന്ന് മോട്ടോര്‍ വാഹനം, മൈനിംഗ് ആന്റ് ജിയോളജി, ജി.എസ്.ടി എന്നീ മൂന്ന് വകുപ്പുകളില്‍ നിന്ന് അധിക പിഴ, റോയല്‍റ്റി, പെനാല്‍റ്റി, നികുതി എന്നിങ്ങനെ സര്‍ക്കാരിന് 500 കോടി രൂപയുടെ അധിക വാര്‍ഷിക വരുമാനം ഉണ്ടായതായി കണക്കാക്കുന്നു.വിജിലന്‍സ് പ്രവര്‍ത്തനങ്ങളില്‍ കാലികമായ പ്രൊഫഷണലിസം കൊണ്ടുവന്നിട്ടുണ്ട്. അഴിമതി കേസുകള്‍ കൂടുതല്‍ ആഴത്തില്‍ അന്വേഷിക്കുന്നതിനും, അഴിമതി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏജന്റുമാരെ പിടികൂടുന്നതിനും ഇതിലൂടെ കഴിഞ്ഞു. അടുത്ത കാലത്ത് പാലക്കാട് ജില്ലയിലെ എം.വി.ഡി ചെക്ക്‌പോസ്റ്റില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ അഴിമതിയുടെ ശൃംഖല തന്നെ തകര്‍ക്കാന്‍ കഴിഞ്ഞു. അത് ആര്‍.ടി.ഓ യുടെ അറസ്റ്റില്‍ എത്തിച്ചേരുകയും ചെയ്തു.
WE ONE KERALA -NM
Post a Comment