കുട്ടികളോടുള്ള നമ്മുടെ സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റവും സിംപിളായ മാര്‍ഗമാണ് അവരെ ഒന്നു കെട്ടിപ്പിടിക്കുക അല്ലെങ്കില്‍ ആലിംഗനം ചെയ്യുക എന്നത്. അത് അവരെ വളരെ ആഴത്തില്‍ സ്വാധീനിക്കുകയും സ്വഭാവരൂപീകരണത്തില്‍ പ്രധാന പങ്കു വഹിക്കുകയും ചെയ്യുമെന്ന് അമേരിക്കന്‍ സൈക്കോളജിസ്റ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ പറയുന്നു. അഞ്ചിനും പത്തു വയസിനും ഇടയിലാണ് കുട്ടികളില്‍ സ്വഭാവ രൂപീകരണം നടക്കുന്നത്. ഈ പ്രായത്തില്‍ അമ്മയില്‍ നിന്നുള്ള ആലിംഗനം കുട്ടികളെ കൂടുതല്‍ ആത്മവിശ്വാസമുള്ളവരും കരുണയുള്ളവരും ഉത്തരവാദിത്വമുള്ളവരുമാക്കുമെന്ന് പഠനം വിശദീകരിക്കുന്നു. കുട്ടിക്കാലത്ത് കുഞ്ഞുങ്ങള്‍ നേരിടുന്ന സമ്മര്‍ദങ്ങളും വെല്ലുവിളികളും പിന്‍കാലത്ത് അവരില്‍ ട്രോമയും മാനസികപ്രശ്നങ്ങളും ഉണ്ടാക്കാം. ഇത് ഒഴിവാക്കാന്‍ അമ്മയില്‍ നിന്ന് അല്ലെങ്കില്‍ മുതിര്‍ന്നവരില്‍ നിന്നുള്ള സ്നേഹവും കരുതലും നല്‍കുന്ന ആത്മവിശ്വാസം സഹായിക്കും. ഒരേ ഡിഎന്‍എ പങ്കിടുന്ന, ഓരേ സാഹചര്യത്തില്‍ വളരുന്ന യുകെയിലെ 2,200 ഇരട്ട കുട്ടികള്‍ പഠനത്തിന്റെ ഭാഗമായി. രണ്ട് കുട്ടികള്‍ക്കും അമ്മയില്‍ നിന്ന് ലഭിക്കുന്ന പരിഗണനയും ലാളനയും വ്യത്യസ്തമായിരിക്കും. പഠനത്തില്‍ അമ്മയില്‍ നിന്ന് കൂടുതല്‍ സ്‌നേഹവും ആലിംഗനവും അനുഭവിച്ച കുട്ടി വളന്നപ്പോള്‍ കൂടുതല്‍ അനുകമ്പയുള്ളവരും കരുതലുള്ളവരും സംഘടിത മനോഭാവമുള്ളവരും വിശ്വസനീയരുമായിരുന്നു. ഇവ തുറന്ന മനസ്, മനസാക്ഷിപരമായ മനോഭാവം, സമ്മതബോധം തുടങ്ങിയ പ്രധാന വ്യക്തിത്വ സവിശേഷതകളെ പ്രതിഫലിപ്പിക്കുന്നു. കൂടാതെ ഒരു ചെയിന്‍ ഇഫക്റ്റ് പോലെ, സ്വഭാവസവിശേഷത മൂലം അവര്‍ക്ക് മികച്ച ജോലി, ശക്തമായ ബന്ധങ്ങള്‍ ഉണ്ടാക്കാനും സാധിക്കും. ഈ സ്വഭാവ വിശേഷങ്ങള്‍ യഥാര്‍ഥ ജീവിതത്തിലെ വിജയവുമായി ബന്ധപ്പെട്ടിരിക്കുന്നു.
WE ONE KERALA -NM
إرسال تعليق