ഫ്രാന്‍സിസ് മാർപാപ്പയുടെ വിയോഗത്തില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അനുശോചനക്കുറിപ്പ്

 


സംവാദത്തിന്റെ ഒരു ജാലകം എല്ലാവര്‍ക്കുമായി തുറന്നിട്ട ഹൃദ്യമായ രീതിയുടെ മാതൃകാ പുരുഷനാണ് ഫ്രാന്‍സിസ് മാർപാപ്പയുടെ വിയോഗത്തിലൂടെ നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നത്. തൻ്റെ ആദ്യ പ്രാമാണികരേഖയായ 'സുവിശേഷത്തിന്റെ ആനന്ദ'ത്തിന്റെ (ജോയ് ഓഫ്ദി ഗോസ്പല്‍) ചില ഭാഗങ്ങള്‍ എത്രയ്ക്ക് കോളിളക്കം സൃഷ്ടിച്ചിട്ടുണ്ടെന്ന് ഇന്നും നമുക്ക് ഓർമ്മയുണ്ട്. അത് വായിച്ച് ഞെട്ടിയവര്‍ക്ക് പുതിയ ബോധക്കേടുകൾ സൃഷ്ടിക്കും വിധമാണ് തുടർവർഷങ്ങളിൽ മാർപാപ്പ നടത്തിയ ഇടപെടലുകൾ ഇടതുപക്ഷക്കാറ്റ് വീശിയടിക്കുന്ന ലത്തീന്‍ അമേരിക്കയില്‍ നിന്നുള്ള മാര്‍പാപ്പ വ്യത്യസ്തനാകാതെ തരമില്ലെന്ന് അവരോധിതനായ പാടേ വ്യക്തമായിരുന്നു. പാവപ്പെട്ടവരോടുള്ള പാപ്പയുടെ ആ ആഭിമുഖ്യമാണ് ലോക ജനതയുടെ ഹൃദയഭാജനമാക്കിയത്. ദാരിദ്ര്യത്തിന്റെയും പ്രകൃതിസ്‌നേഹത്തിന്റെയും പുണ്യവാളനായ ഫ്രാന്‍സിസ് ഓഫ് അസീസിയുടെ പേര് പുതിയ മാര്‍പാപ്പ സ്വീകരിച്ചതുതന്നെ മാറ്റത്തിന്റെ ഒരു സൂചനയായിരുന്നു. പാവങ്ങള്‍ക്കായുള്ള പാവപ്പെട്ട പള്ളിയാണ് തന്റെ ആദര്‍ശമെന്നാണ് പാപ്പ വിശദീകരിച്ചത്.ക്ഷേമപ്രവര്‍ത്തനങ്ങള്‍കൊണ്ട് ദാരിദ്യത്തിൻ്റെ പ്രശ്‌നം പരിഹരിക്കാനാവില്ലെന്ന തിരിച്ചറിവ് വ്യക്തമാക്കാൻ പാപ്പ ഒരിക്കലും മടിച്ചില്ല. കമ്പോളത്തിന്റെ പൂർണ്ണമായ സ്വാതന്ത്ര്യത്തെയും ധനപരമായ ഊഹ ഇടപാടുകളെയും തള്ളിക്കളഞ്ഞുമാത്രമേ പാവങ്ങളുടെ പ്രശ്‌നത്തെ അടിസ്ഥാനപരമായി പരിഹരിക്കാനാകൂ എന്ന തന്റെ നയരേഖ ലോകമെങ്ങുമുള്ള സ്ഥിതിസമത്വവാദികളുടെ പ്രിയ ശബ്ദമായതിലും അത്ഭുതമില്ല. നിലവിലുള്ള അധാര്‍മ്മികമായ ദാരിദ്ര്യവും അസമത്വവുമാണ് മാര്‍പാപ്പയെ എന്നും അലട്ടിയ കേന്ദ്രപ്രശ്‌നം. ചെറു ന്യൂനപക്ഷത്തിന്റെ വരുമാനം കുതിച്ചുയരുകയും ഇവരും മഹാഭൂരിപക്ഷവുമായുള്ള അന്തരം വര്‍ദ്ധിക്കുകയും ചെയ്തതിനെപ്പറ്റി ഒരു മാർക്സിസ്റ്റിൽ നിന്നുണ്ടാകുന്ന വിശകലനം പാപ്പയിൽ നിന്നും ഉണ്ടായത് സ്വാഭാവികമായും നവ ലിബറല്‍ സാമ്പത്തിക നയങ്ങളുടെ വക്താക്കളെ അലോസരപ്പെടുത്തിയിട്ടുണ്ടാകാം. ലോകത്തെ കൺതുറന്നു കാണുന്ന ഒരു മനുഷ്യസ്‌നേഹിയിൽ നിന്നും ഈ കാഴ്ചപ്പാട് ഉണ്ടായില്ലെങ്കിലേ അത്ഭുതമുണ്ടായിരുന്നുള്ളൂ. എല്ലാം മത്സരത്തിന്റെ നിയമങ്ങളാല്‍ ഭരിക്കപ്പെടുകയും ഏറ്റവും ബലവാന്മാരുടെ അതിജീവനം പ്രമാണമാകുകയും ചെയ്യുന്ന കാലത്താണ് സഭാ നേതൃത്വത്തിൽ നിന്ന് ഈ സ്വരം ഉയർന്നു പൊങ്ങിയത്. നമ്മള്‍ പുതിയ വിഗ്രഹങ്ങള്‍ ഉണ്ടാക്കിയിരിക്കുകയാണെന്നും പുറപ്പാടിൻ്റെ പുസ്തകത്തിൽ പറയുന്ന സ്വര്‍ണ്ണക്കാളക്കുട്ടിയുടെ ആരാധന (പുറപ്പാട് 32: 1 - 35), പണത്തോടുള്ള ആര്‍ത്തിപൂണ്ട ആരാധനയിലൂടെ തിരിച്ചെത്തിയിരിക്കുന്നുവെന്നും പറയാൻ ഈ മൂലധനാശ്ലേഷിത ലോകത്ത് തുറന്നു പറയാൻ മാർക്സിസ്റ്റുകൾക്കെന്ന പോലെ പാപ്പയ്ക്കും കഴിഞ്ഞു. ശക്തിമാന്മാര്‍ നിരാലംബരെ വിഴുങ്ങുകയും ഇതിന്റെ ഫലമായി ജനങ്ങള്‍ ജോലിയില്ലാതെ, മറ്റു സാധ്യതകളില്ലാതെ, രക്ഷപ്പെടാന്‍ മാര്‍ഗ്ഗങ്ങളില്ലാതെ പുറന്തള്ളപ്പെടുകയും പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്യുന്നതിനെപ്പറ്റി തുറന്ന് ആധിപ്പെട്ട മനുഷ്യസ്നേഹിയെ എങ്ങനെയാണ് ഞങ്ങൾ മാർക്സിസ്റ്റുകൾക്ക് ഹൃദയത്തിലേറ്റാൻ കഴിയാതിരിക്കുക! ലോകമാകെയുള്ള മർദ്ദിതരുടെയും പീഡിതരുടെയും നെഞ്ചിൽ എന്നും ആ നാമധേയമുണ്ടാകാൻ വേറെന്ത് വേണ്ടതുണ്ട്! നവ മുതലാളിത്തം മുന്നോട്ടു വെയ്ക്കുന്ന സര്‍വ്വതന്ത്ര സ്വതന്ത്ര കമ്പോളത്തോടുള്ള കടുത്ത വിയോജിപ്പ് രേഖപ്പെടുത്താൻ മാര്‍പാപ്പ ഒരിക്കലും മടിച്ചിട്ടില്ല. ഈ പണാധിപത്യവ്യവസ്ഥയുടെ ആര്‍ത്തിക്ക് ഒരതിരുമില്ലെന്ന് മാർക്സിനെപ്പോലുള്ള പ്രവാചകസ്വരത്തിൽ പാപ്പ തുറന്നു പറഞ്ഞു. ലാഭം വര്‍ദ്ധിപ്പിക്കുന്നതിന് തടസ്സം നില്‍ക്കുന്ന എല്ലാറ്റിനെയും - പരിസ്ഥിതിപോലെ ദുര്‍ബലമായവയെയും ചെറുക്കാന്‍ കഴിവില്ലാത്ത പാവപ്പെട്ടവരെയും - ഈ വ്യവസ്ഥ വിഴുങ്ങുന്നു എന്ന പാപ്പയുടെ വാക്കുകള്‍ ധനമൂലധനത്തോടും രാഷ്ട്രങ്ങള്‍ക്കും ജനങ്ങള്‍ക്കും മീതെയുള്ള അതിന്റെ സ്വേച്ഛാധിപത്യത്തോടുമുള്ള അതിനിശിതമായ വിമര്‍ശനമായി എന്നും നമ്മെ ജാഗ്രതപ്പെടുത്തും. ഓരോ മനുഷ്യന്റെയും ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട്. എന്നാല്‍, ആരുടെയും ആര്‍ത്തിക്കുള്ളത് ഭൂമിയിലില്ല. എന്ന മഹാത്മാഗാന്ധിയുടെ വചനങ്ങള്‍ ഓര്‍മ്മിപ്പിക്കുന്ന മാര്‍പാപ്പയുടെ ചിന്ത എന്നും നമ്മുടെ രാഷ്ട്രീയ-സാമൂഹിക ഉത്ക്കണ്ഠകളെ കൈപ്പിടിച്ച് നയിക്കും. പൗരോഹിത്യത്തിലും സഭാ ഭരണത്തിലും വനിതകള്‍ക്ക് കൂടുതല്‍ അംഗീകാരവും പ്രാധാന്യവും ലഭിക്കുന്നതിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിലപാടുകള്‍ സഹായകരമായി. ട്രാന്‍സ്ജെന്‍ഡേഴ്സ്, സ്വവര്‍ഗ്ഗാനുരാഗികള്‍ തുടങ്ങിയ വിഭാഗങ്ങളോടും പാപ്പ മനുഷ്യത്ത്വപരമായ അനുഭാവം നിറഞ്ഞ സമീപനം സ്വീകരിച്ചത് പൊതുബോധത്തില്‍ മാറ്റം വരുത്താന്‍ സാധ്യത വര്‍ദ്ധിപ്പിച്ചു മനുഷ്യന്റെ ദാരിദ്ര്യവും ദുരിതവും ഇല്ലായ്മ ചെയ്യാനുള്ള ധാര്‍മ്മികമായ അഭിവാഞ്ഛ പങ്കിട്ടതിൻ്റെ പേരിൽ ഞങ്ങൾ എന്നും താങ്കളെ ഓർമ്മിക്കും. പരസ്പര ബഹുമാനത്തോടുള്ള സംവാദനത്തോടെ ഇഹലോകത്തും ‘ദൈവരാജ്യം’ കൊണ്ടുവരാനുള്ള ഞങ്ങളേറ്റെടുത്ത ദൗത്യത്തിൽ യോജിച്ച് പ്രവര്‍ത്തിക്കാന്‍ എല്ലാ മത-മതനിരപേക്ഷ വിശ്വാസികൾക്കും പാപ്പയുടെ ഓർമ്മ വെളിച്ചം പകരും.ഇത് വിയോഗമല്ല, വിമോചനാത്മകമായ ചരിത്രബോധമായി ആ നാമം നമ്മിൽ എന്നും ഉണർന്നു നിൽക്കും.

Post a Comment

Previous Post Next Post

AD01

 


AD02