വന്ദേ ഭാരത് ട്രെയിനിന്റെ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ ഇന്ത്യൻ റെയിൽവേ ആലോചിക്കുന്നു. സാധാരണക്കാർക്ക് ഈ ട്രെയിൻ സർവ്വീസ് അപ്രാപ്യമാണ് എന്ന ആരോപണമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആലോചന.
ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്ത. വന്ദേ ഭാരത് ട്രെയിനുകളിലെ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ റെയിൽവേ ആലോചിക്കുന്നതായി റിപ്പോർട്ട്. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ സാധാരണക്കാർക്ക് അപ്രാപ്യമാണെന്ന വിമർശനമുണ്ട്. അതിവേഗം സാധാരണക്കാർക്ക് ലഭ്യമാകുന്നില്ലെന്ന വിമർശനം കണക്കിലെടുത്താണ് പുതിയ നീക്കത്തിന് റെയിൽവേ ഒരുങ്ങുന്നത്. വന്ദേ ഭാരതിലെ ടിക്കറ്റ് നിരക്കുകൾ ഇന്ത്യൻ റെയിൽവേ നടത്തുന്ന മറ്റ് ട്രെയിൻ സർവ്വീസുകളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. ഈ ട്രെയിനുകൾ സമ്പന്നർക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയുന്നുള്ളൂ എന്നും, ഇവയ്ക്ക് പോകാൻ സൗകര്യമൊരുക്കുന്നതിന് സാധാരണക്കാർ സഞ്ചരിക്കുന്ന ട്രെയിനുകൾ പിടിച്ചിടുന്നു എന്നും വിമർശനം ശക്തമാണ്.
എങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ കുറയ്ക്കുക എന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. സബ്‌സിഡി ടിക്കറ്റുകൾ നൽകാമെന്ന ആലോചനയുണ്ട്. ടയേർഡ് പ്രൈസിംഗ് മോഡല്‍ അടക്കമുള്ള ആലോചനകൾ റെയിൽവേയുടെ മുമ്പിലുണ്ട്. ഇതിൽ വ്യക്തത വന്നിട്ടില്ല. യാത്രക്കാർക്ക് അവരുടെ വരുമാന നിലവാരത്തെ അടിസ്ഥാനമാക്കി ടിക്കറ്റ് വില മാറുന്ന സംവിധാനമാണ് ടയേർഡ് പ്രൈസിംഗ് മോഡല്‍.
2025 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്താകെ 136 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. ഇവയിൽ പലതിനും 100 ശതമാനത്തിലധികം ഒക്യുപെൻസി നിരക്കുമുണ്ട്. ഏറ്റവും മികച്ച ഒക്യുപെൻസി നിരക്കുള്ള സർവ്വീസുകളിലൊന്ന് കേരളത്തിലെ വന്ദേ ഭാരതിന്റേതാണ്.
വന്ദേ ഭാരത് ടിക്കറ്റുകൾ മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് വില വളരെ കൂടുതലാണ്. താഴ്ന്ന വരുമാനക്കാർക്ക് ഈ യാത്ര അപ്രാപ്യമാണ്. ഇടത്തരം വരുമാനക്കാർക്കും വന്ദേ ഭാരത് യാത്ര അസാധ്യമാണ്. ട്രെയിൻ യാത്രക്കാരിൽ ഭൂരിഭാഗവും ഈ വരുമാന നിലയുള്ളവരാണ്.
വന്ദേ ഭാരത് ടിക്കറ്റുകളുടെ ഉയർന്ന നിരക്ക് പ്രതിപക്ഷം പാർലമെന്റിൽ ചർച്ചയാക്കിയിരുന്നു. വന്ദേ ഭാരത് ട്രെയിനുകളുടെ വില താഴ്ത്തുന്നത് പരിഗണനയിലുണ്ടോയെന്ന് കോൺഗ്രസ് എംപി രാകിബുൾ ഹുസൈൻ പാർലമെന്റിൽ ചോദിച്ചിരുന്നു. ഇതിന് മറുപടിയായി, സർക്കാർ സാധ്യതകൾ ആരായുകയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മറുപടി നൽകുകയുണ്ടായി
വന്ദേ ഭാരത് ട്രെയിനുകളുടെ സർവ്വീസ് മറ്റ് ട്രെയിനുകളെക്കാൾ ഉയർന്നതാണ് എന്നാണ് റെയിൽവേ ചൂണ്ടിക്കാണിക്കുന്ന ഒരുപ്രശ്നം. 1,000–1,500 കിലോമീറ്റർ റൗണ്ട് ട്രിപ്പിന് 5 മുതൽ 8 വരെ ലക്ഷം രൂപ ചെലവാകും. ഇതിൽ 2-3 ലക്ഷം രൂപ ഊർജ്ജ ചെലവും, 1–1.5 ലക്ഷം രൂപ അറ്റകുറ്റപ്പണിയും, 0.5–1 ലക്ഷം രൂപ ക്രൂ, സ്റ്റാഫ് ശമ്പളവുമാണ്. കാറ്ററിംഗ്, ക്ലീനിംഗ്, മറ്റ് സേവനങ്ങൾ എന്നിവയ്ക്കും ചെലവ് ഏറെയാണ്.
إرسال تعليق