കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

 


കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം. കരുത്തരായ സാഫയറിനെ ഏഴ് വിക്കറ്റിനാണ് ആംബർ തോല്പിച്ചത്. രണ്ടാം മല്സരത്തിൽ പേൾസ് എമറാൾഡിനെ അഞ്ച് വിക്കറ്റിന് തോല്പിച്ചു. വിജയത്തോടെ ആംബർ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. സാഫയർ തന്നെയാണ് പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്.തുടർച്ചയായ മൂന്നാം മൽസരത്തിലും ക്യാപ്റ്റൻ സജന സജീവൻ്റെ ഓൾ റൌണ്ട് മികവാണ് ആംബറിന് വിജയം ഒരുക്കിയത്. ടൂർണ്ണമെൻ്റിൽ തോൽവിയറിയാതെ എത്തിയ സാഫയറിനെ ഏഴ് വിക്കറ്റിനാണ് ആംബർ മറികടന്നത്. ബാറ്റർമാർ പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ പോയതാണ്, ആദ്യം ബാറ്റ് ചെയ്ത സാഫയറിന് തിരിച്ചടിയായത്. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് മാത്രമാണ് അവർക്ക് നേടാനായത്. 45 റൺസെടുത്ത അനന്യ പ്രദീപും 32 റൺസെടുത്ത മനസ്വി പോറ്റിയും മാത്രമാണ് സാഫയറിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചത്. ആംബറിന് വേണ്ടി ദർശന മോഹൻ മൂന്നും സജന സജീവനും ശീതളും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആംബറിന് ഒൻപത് റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായെങ്കിലും സജന സജീവനും അൻസു സുനിലും ചേർന്നുള്ള കൂട്ടുകെട്ട് വിജയമൊരുക്കി. സജന 48 പന്തുകളിൽ 57 റൺസെടുത്തപ്പോൾ അൻസു 33 റൺസുമായി പുറത്താകാതെ നിന്നു. ഏഴ് പന്തുകൾ ബാക്കി നില്ക്കെ ആംബർ ലക്ഷ്യത്തിലെത്തി. സാഫയറിന് വേണ്ടി പവിത്ര ആർ നായർ രണ്ട് വിക്കറ്റ് വീഴ്ത്തി. 


രണ്ടാം മത്സരത്തിൽ ബാറ്റിങ് തകർച്ചയാണ് എമറാൾഡിനും തിരിച്ചടിയായത്. പേൾസിനെതിരെ ആദ്യം ബാറ്റ് ചെയ്ത എമറാൾഡിന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 89 റൺസ് മാത്രമാണ് നേടാനായത്.27 റൺസെടുത്ത സായൂജ്യ സലിലൻ ആണ് എമറാൾഡിൻ്റെ ടോപ് സ്കോറർ. പേൾസിന് വേണ്ടി കീർത്തി ജെയിസംസ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പേൾസിന് ക്യാപ്റ്റൻ ഷാനിയുടെ വിക്കറ്റ് തുടക്കത്തിലെ നഷ്ടമായെങ്കിലും ശ്രദ്ധ സുമേഷിൻ്റെയും ആര്യനന്ദയുടെയും ദിവ്യ ഗണേഷിൻ്റെയും ഇന്നിങ്സുകൾ വിജയമൊരുക്കി. ദിവ്യ 27ഉം ശ്രദ്ധ 20ഉം ആര്യനന്ദ പുറത്താകാതെ 18ഉം റൺസെടുത്തു. എമറാൾഡിന് വേണ്ടി നിയതി മഹേഷും നജ്ല നൗഷാദും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

WE ONE KERALA -NM 



Post a Comment

أحدث أقدم

AD01

 


AD02