മറ്റൊരാളുമായി ബന്ധമെന്ന് സംശയം; ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് ബന്ധുവിനെ വിളിച്ചറിയിച്ചു; ആലപ്പുഴയിലെ കൊലപാതകത്തില്‍ പുതിയ കണ്ടെത്തല്‍


ആലപ്പുഴ രാമങ്കരിയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രാമങ്കരി വേഴപ്ര ചിറയില്‍ അകത്തെപറമ്പില്‍ വിദ്യ ( 42) ആണ് മരിച്ചത്. ഭര്‍ത്താവ് വിനോദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഭാര്യയ്ക്ക് മറ്റൊരാളുമായി ഉണ്ടായിരുന്ന ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നേരത്തെ തന്നെ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധം ഉണ്ടായിരുന്നതായി വിനോദിന് സംശയമുണ്ടായിരുന്നു. ഈ സംശയം സാധൂകരിക്കുന്ന ചില തെളിവുകള്‍ വിനോദിന് ലഭിച്ചത് കൊണ്ടാണ് കൊലപാതകം നടത്തിയത് എന്നാണ് സൂചന.

ഇന്നലെ ഉച്ചയ്ക്കുശേഷം ഭാര്യ ഒരു ഓട്ടോറിക്ഷയില്‍ കോട്ടയത്തെ ബന്ധുവീട്ടില്‍ പോയശേഷം അവിടെ നിന്നും മടങ്ങി വീട്ടിലെത്തിയപ്പോഴാണ് വീട്ടിലുണ്ടായിരുന്ന ഭര്‍ത്താവ് വിനോദ് ഭാര്യയെ കുത്തിയത്. കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് മൂന്നു കുത്താണ് കുത്തിയത്.

പിന്നീട് അടുത്ത ബന്ധുവിനെ വിളിച്ച് ഭാര്യയെ കൊലപ്പെടുത്തി എന്ന് പറയുകയും ചെയ്തു. ഇതറിഞ്ഞ് ബന്ധുക്കള്‍ എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന വിനോദിന്റെ ഭാര്യയെ കണ്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ഉടന്‍തന്നെ രാമങ്കരി പോലീസ് എത്തി വിനോദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രണ്ട് മക്കളായിരുന്നു ഇവര്‍ക്കുള്ളത്. സ്‌കൂള്‍ അവധിയായതുകൊണ്ട് ഇരുവരും ബന്ധുവീട്ടില്‍ ആയിരുന്നു. ഇരുവരും ചേര്‍ന്ന് രാമങ്കരിയില്‍ ഒരു ഹോട്ടല്‍ നടത്തി വരികയായിരുന്നു.



Post a Comment

أحدث أقدم

AD01