'രാജ്ഭവനിൽ ആര്‍എസ്എസിന്റെ രണ്ട് പ്രധാനപ്പെട്ട നേതാക്കളുണ്ട്, അവരാണ് നിയന്ത്രണം': വി ശിവന്‍കുട്ടി


തിരുവനന്തപുരം: രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ചതില്‍ പ്രോട്ടോക്കോള്‍ ലംഘനം ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരിപാടി ബഹിഷ്‌കരിച്ചില്ലായെങ്കില്‍ ഭരണഘടന ലംഘനം ആകും. ഭരണഘടനയില്‍ത്തൊട്ട് സത്യപ്രതിജ്ഞ നടത്തിയയാളാണ് താനെന്നും വി ശിവന്‍കുട്ടി പറഞ്ഞു. 'ഗവര്‍ണര്‍ പ്രോട്ടോകോള്‍ ലംഘനവും ഭരണഘടനാ ലംഘനവും നടത്തി. രാജ്ഭവന്‍ ആര്‍എസ്എസ് പ്രവര്‍ത്തന കേന്ദ്രമാക്കാന്‍ പറ്റില്ല. ആര്‍എസ്എസിലെ രണ്ട് പ്രധാനപ്പെട്ട പ്രവര്‍ത്തകര്‍ രാജ്ഭവനിലുണ്ട്. അവരാണ് ഈ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഗവര്‍ണറെ വഴിതെറ്റിക്കുന്നതും ഇവരാണ്' എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള യൂണിവേഴ്‌സിറ്റിയുടെ സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുത്ത സ്വകാര്യ പരിപാടിയുടെ വേദിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചതിനെയും മന്ത്രി വിമര്‍ശിച്ചു. നിര്‍ജീവമായി കിടക്കുന്ന സംഘടനയുടെ പേരിലാണ് സെനറ്റ് ഹാളില്‍ പരിപാടി സംഘടിപ്പിച്ചത്. ആര്‍എസ്എസ് കൊടിപിടിച്ച സഹോദരിയുടെ പടം അവിടെയും കൊണ്ടുവെച്ചുവെന്ന് മന്ത്രി പറഞ്ഞു. ജൂണ്‍ 19 ന് രാജ്ഭവനില്‍ സംഘടിപ്പിച്ച 'ഭാരത് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്' രാജ്യപുരസ്‌കാരദാന വേദിയില്‍ നിന്നാണ് അധ്യക്ഷത വഹിക്കേണ്ടിയിരുന്ന മന്ത്രി ഇറങ്ങിപ്പോയത്. പൊതുവിദ്യാഭ്യാസ വകുപ്പും രാജ്ഭവനും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയായിരുന്നു ഇത്. മുന്‍ക്കൂട്ടി തയ്യാറാക്കിയ നോട്ടീസില്‍ ഭാരതാംബയ്ക്ക് മുന്നില്‍ വിളക്ക് കൊളുത്തലോ പുഷ്പാര്‍ച്ചനയോ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നായിരുന്നു മന്ത്രി പ്രതികരിച്ചത്. പിന്നാലെ മന്ത്രി പരിപാടി ബഹിഷ്‌കരിച്ചത് പ്രോട്ടോകോള്‍ ലംഘനമാണെന്നും ഭരണഘടനയുടെ തലവനെ മന്ത്രി അപമാനിച്ചെന്നും കാട്ടി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.



Post a Comment

أحدث أقدم

AD01