ഒമാന്റെ ‘ദുകം-2’ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങി. ഇതിനെ തുടർന്ന് അല്‍ വുസ്ത തീരത്ത് സമുദ്ര പ്രവര്‍ത്തനങ്ങള്‍ക്ക് താത്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജൂലൈ എട്ടിന് വൈകിട്ട് 10 മുതല്‍ ഒൻപതിന് രാവിലെ ആറ് വരെയാണ് ദുകം-2 റോക്കറ്റ് വിക്ഷേപണം ഷെഡ്യൂള്‍ ചെയ്തത്. അല്‍ ജാസിര്‍ വിലായത്തിലെ അല്‍ കഹല്‍ പ്രദേശത്തും ദുകം വിലായത്തിലെ ഹിതം പ്രദേശത്തുനിന്നുമായിരിക്കും പരീക്ഷണ വിക്ഷേപണം. സ്റ്റെല്ലാര്‍ കൈനറ്റിക്സുമായി സഹകരിച്ചാണ് വിക്ഷേപണം നടത്തുന്നത്.
ഒമാനിലെ ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ചട്ടക്കൂട് സ്ഥാപിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് വിക്ഷേപണമെന്ന് അധികൃതര്‍ അറിയിച്ചു. റോക്കറ്റ് പരീക്ഷണ വിക്ഷേപണത്തിന് തയാറെടുക്കുന്നതിനാല്‍ ജൂലൈ എട്ട്, ഒൻപത് തീയതികളില്‍ അല്‍ വുസ്ത തീരത്ത് മത്സ്യബന്ധനം ഉൾപ്പെടെ സമുദ്ര പ്രവര്‍ത്തനങ്ങള്‍ക്ക് താത്കാലിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു. മത്സ്യത്തൊഴിലാളികളോടും കടല്‍ യാത്രക്കാരോടും എല്ലാ സുരക്ഷാ നിര്‍ദേശങ്ങളും പാലിക്കാനും വിക്ഷേപണ സമയത്ത് നിയുക്ത പ്രദേശം ഒഴിവാക്കാനും ആവശ്യപ്പെട്ടു. ഈ വര്‍ഷം അഞ്ച് റോക്കറ്റുകള്‍ വിക്ഷേപിക്കുമെന്ന് ഇത്തലാഖ് സ്പേസ്പോര്‍ട്ട് അറിയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടത്തിയ ആദ്യത്തെ പരീക്ഷണ വിക്ഷേപണം വിജയം കണ്ടതോടെ ചരിത്രനേട്ടമാണ് സ്പേസ്പോര്‍ട്ട് സ്വന്തമാക്കിയത്. അന്ന് സമുദ്രനിരപ്പില്‍ നിന്ന് 140 കിലോമീറ്റര്‍ ഉയരത്തിലായിരുന്നു റോക്കറ്റ് പറന്നുയര്‍ന്നത്. 2027-ഓടെ പൂര്‍ണ തോതിലുള്ള വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ അടിത്തറ സ്ഥാപിക്കുക എന്നതാണ് ഒമാന്‍ ലക്ഷ്യമിടുന്നത്.
إرسال تعليق