പശ്ചിമഘട്ടത്തിൽ പുതിയൊരു സസ്യം കൂടി ‘പിണ്ട മുഖർജീയാന’


ചട്ടുകപ്പാറ: പശ്ചിമഘട്ട മലനിരകളിലെ ജൈവ സമ്പത്തിലേക്ക് കാരറ്റ്- ജീരക കുടുംബത്തിൽപ്പെടുന്ന ഒരു സസ്യം കൂടി. അപിയേസി (Apiaceae) കുടുംബത്തിലെ പിണ്ട (Pinda) ജനുസ്സിൽ പെട്ടതാണ് പുതിയ സസ്യം. കോഴിക്കോട് ദേവഗിരി സെയ്ന്റ് ജോസഫ് കോളേജിലെ സസ്യശാസ്ത്ര വിഭാഗം ഗവേഷണ വിദ്യാർഥിനി സി രേഖയുടെ ഗവേഷണ ഭാഗമായാണ് സസ്യത്തെ തിരിച്ചറിഞ്ഞത്. ഡോ. കെ എം മനുദേവിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ മറ്റ് ഗവേഷണ വിദ്യാർഥികളായ എം കെ പ്രശാന്ത്, അജയ് നാഥ ഗാംഗുർടെ എന്നിവരും ഉൾപ്പെടുന്നു. കൊൽക്കത്ത യൂണിവേഴ്സിറ്റി പ്രൊഫസറും സസ്യശാസ്ത്ര ഗവേഷകനുമായ ഡോ. പ്രശാന്ത്‌ കുമാർ മുഖർജിയോടുള്ള ബഹുമാനാർഥം പിണ്ട മുഖർജീയാന എന്നാണ് സസ്യത്തിന് പേര് നൽകിയത്. മഹാരാഷ്ട്രയിലെ പുണെയിൽ നിന്നാണ് പുതിയ സസ്യത്തെ കണ്ടെത്തിയത്. ഈ സസ്യത്തെ കോലാപൂരിലെ രാധ നഗരിയിലും കണ്ടെത്തിയിട്ടുണ്ട്. സസ്യത്തെക്കുറിച്ചുള്ള വിവരങ്ങൾ അന്താരാഷ്ട്ര ജേണലായ നോർഡിക് ജേണൽ ഓഫ് ബോട്ടണിയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുറ്റ്യാട്ടൂർ വേശാലയിലെ പാലേരി പുരുഷോത്തമന്റെയും ഇന്ദിരയുടെയും മകളാണ് രേഖ.



Post a Comment

أحدث أقدم

AD01