നായയുടെ കടിയേറ്റത് 7 മാസംമുൻപ്; ആശുപത്രിയില്‍ അക്രമാസക്തനായതോടെ വാര്‍ഡിലാക്കി വാതിലടച്ചു, പിന്നാലെ മരണം



കൊട്ടാരക്കര : ഏഴുമാസം മുൻപ് തെരുവുനായയുടെ കടിയേറ്റയാള്‍ പേവിഷബാധാ ലക്ഷണങ്ങളോടെ മരിച്ചു. പെരുങ്കുളം നെടിയവിള പുത്തൻവീട്ടില്‍ ബിജു(52)വാണ് മരിച്ചത്.ബിജുവിന് ഏഴുമാസംമുൻപ് തെരുവുനായയുടെ കടിയേറ്റിരുന്നതായും പേവിഷപ്രതിരോധ കുത്തിവെപ്പ് ഒരുഡോസ് എടുത്തിരുന്നതായും ബന്ധുക്കള്‍ പറയുന്നു.കഴിഞ്ഞദിവസം രാവിലെ പത്തരയോടെയാണ്, ശാരീരികാസ്വാസ്ഥ്യവും വിറയലും അനുഭവപ്പെട്ടതോടെ പനിയെന്നു കരുതി ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചത്. ആദ്യം പൂവറ്റൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലും പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും എത്തിച്ചു. അലർജിപരിശോധനാ കുത്തിവെപ്പ് നല്‍കി കുറച്ചുകഴിഞ്ഞപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയത്. അക്രമാസക്തനായ ബിജുവിനെ ജീവനക്കാർ നിയന്ത്രിച്ച്‌ അത്യാഹിത വിഭാഗത്തിലെ വാർഡുകളിലൊന്നിലാക്കി വാതിലടച്ചു.ഇദ്ദേഹത്തെ പരിചരിച്ചവരും ജീവനക്കാരും ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും പ്രതിരോധ കുത്തിവെപ്പെടുത്തു. തുടർന്ന് പിപിഇ കിറ്റ് ധരിച്ച്‌ ജീവനക്കാരും സഹായികളും ചേർന്ന് ആംബുലൻസില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.പ്രതിരോധ കുത്തിവെപ്പ് മൂന്നെണ്ണം എടുക്കാതിരുന്നതാകാം അപകടകാരണമായതെന്ന് ഡോക്ടർമാർ പറയുന്നു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ദിവസക്കൂലി തൊഴിലാളിയായിരുന്നു ബിജു. അമ്മ: രാജമ്മ.ആശങ്കയിലായി ബന്ധുക്കളും നാട്ടുകാരുംമാസങ്ങള്‍ക്കുമുൻപ് നായയുടെ കടിയേറ്റ ബിജു പേവിഷബാധാ ലക്ഷണങ്ങളോടെ മരിച്ചത് ബന്ധുക്കളെയും നാട്ടുകാരെയും ആശങ്കയിലാക്കി. അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന ബിജുവിനെ തെരുവുനായ കടിച്ചതായി ഇവർക്കറിയാം. അന്ന് ആരോഗ്യപ്രവർത്തകർ നിർബന്ധിച്ചാണ് പ്രതിരോധ കുത്തിവെപ്പെടുപ്പിച്ചത്. ഒരു ഡോസ്മാത്രമാണ് എടുത്തത്. പിന്നീട് ആശുപത്രിയില്‍ പോയില്ല. കഴിഞ്ഞദിവസം വിറയലും ചുമയും അനുഭവപ്പെട്ടതോടെ ബന്ധുക്കളാണ് ആശുപത്രിയില്‍ കൊണ്ടുപോയത്.ബിജുവിന്റെ ബന്ധുക്കളോടും അടുത്തിടപഴകിയവരോടുമെല്ലാം പ്രതിരോധ കുത്തിവെപ്പെടുക്കാൻ ആരോഗ്യപ്രവർത്തകർ നിർദേശിച്ചിരിക്കുകയാണ്.



Post a Comment

Previous Post Next Post

AD01