തൊട്രാ പാക്കലാം! ഇന്‍റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റം വിജയകരമായി പരീക്ഷിച്ച് ഇന്ത്യ


ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റത്തിന്റെ (ഐഎഡിഡബ്ല്യുഎസ്) ആദ്യ പരീക്ഷണം വിജയം. ഇന്നലെ ഉച്ചയോടെ ഒഡിഷ തീരത്ത് വെച്ചാണ് പരീക്ഷണം നടത്തിയത്. രാജ്യത്തിന്‍റ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിൽ ഈ സംവിധാനം സുപ്രധാന നാഴികക്കല്ലാണെന്ന് പരീക്ഷണ വിജയത്തിന് പിന്നാലെ പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു.

ക്വിക്ക് റിയാക്ഷൻ സർഫേസ്-ടു-എയർ മിസൈൽ (QRSAM), അഡ്വാൻസ്ഡ് വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം (VSHORADS) മിസൈലുകൾ, ഉയർന്ന പവറുള്ള ലേസർ അധിഷ്ഠിത ഡയറക്റ്റഡ് എനർജി വെപ്പൺ (DEW) എന്നീ മൂന്ന് അത്യാധുനിക തദ്ദേശീയ സാങ്കേതികവിദ്യകൾ സംയോജിപ്പിച്ച് ഒരു മൾട്ടി-ലെയേർഡ് പ്രതിരോധ കവചമായാണ് ഐഎഡിഡബ്ല്യുഎസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

താഴ്ന്ന പറക്കുന്ന ഡ്രോണുകൾ മുതൽ അതിവേഗത്തിൽ പറക്കുന്ന ശത്രുവിമാനങ്ങളും മിസൈലുകളും വരെയുള്ള വിവിധ വ്യോമ ഭീഷണികളെ നിർവീര്യമാക്കാൻ ഈ സംവിധാനത്തിന് ക‍ഴിയും.

പ്രതിരോധ സാങ്കേതികവിദ്യയിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളിലെ ഒരു നാഴികക്കല്ലായിട്ടാണ് പരീക്ഷണ വിജയത്തെ ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്. പരീക്ഷണത്തിന്‍റെ വീഡിയോ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) എക്‌സിൽ പങ്കിട്ടു. ഐഎഡിഡബ്ല്യുഎസിന്‍റെ വിജയകരമായ വികസനത്തിന് പിന്നിൽ പ്രവർത്തിച്ച ഡിആർഡിഒ, ഇന്ത്യൻ സായുധസേന ഉദ്യോഗസ്ഥരെ പ്രതിരോധ മന്ത്രി രാജ്നാഥ്സിങ് അഭിനന്ദിച്ചു.


Post a Comment

Previous Post Next Post

AD01