കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എംആര്‍ അജിത് കുമാറിന് ആശ്വാസം. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. വിജിലന്‍സ് കോടതിയുടെ നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാ വീഴ്ചയുണ്ടെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി. അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണം പ്രഹസനമെന്ന് ഹൈക്കോടതി വിമര്‍ശിച്ചു.
എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ അന്വേഷണം നടത്തിയത് വിജിലന്‍സ് ഡിവൈഎസ്പി ആണെന്ന് ഹൈക്കോടതിയില്‍ സര്‍ക്കാർ മറുപടി നൽകി. എസ്പിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടത്തിയതെന്നും സര്‍ക്കാർ വിശദീകരിച്ചു. സല്യൂട്ട് ചെയ്യേണ്ട ഉദ്യോഗസ്ഥന്‍ എങ്ങനെ എഡിജിപിയെ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സിനോട് ഹൈക്കോടതി ചോദിച്ചു. അനധികൃത സ്വത്ത് എഡിജിപിക്കെതിരായ കേസ് ജൂനിയര്‍ ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത് സുതാര്യ നടപടിയല്ലെന്നും സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.തുടര്‍ന്നാണ് എംആര്‍ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലെ നടപടികള്‍ ഹൈക്കോടതി തടഞ്ഞത്. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയുടെ നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാ വീഴ്ചയുണ്ടെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് എ ബദറുദ്ദീന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നടപടി. ക്ലീന്‍ ചിറ്റ് റദ്ദാക്കിയ ഉത്തരവില്‍ വിജിലന്‍സ് കോടതി മുഖ്യമന്ത്രിക്കെതിരെ നടത്തിയ നിരീക്ഷണങ്ങള്‍ അനുചിതമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എംആര്‍ അജിത് കുമാറിന്റെ ഹര്‍ജി ഹൈക്കോടതി സെപ്തംബര്‍ 12ന് വീണ്ടും പരിഗണിക്കും.
إرسال تعليق