വാട്ടര്‍ മെട്രോ സംസ്ഥാനത്തിന്റെ മുഖഛായ മാറ്റുമെന്ന് ഗോവന്‍ മന്ത്രി

 



വാട്ടര്‍മെട്രോ പദ്ധതി നടപ്പാക്കുന്നതോടെ ഗോവയുടെ മുഖഛായതന്നെ മാറുമെന്ന് ഗോവന്‍ ജലഗതാതത മന്ത്രി സുഭാഷ് ദേശായി പറഞ്ഞു. വാട്ടര്‍ മെട്രോ പദ്ധതി നടപ്പാക്കുന്നതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് കൊച്ചി മെട്രോ ആസ്ഥാനത്ത് എത്തിയതായിരുന്നു അദ്ദേഹം. ഗോവയില്‍ 90 കിലോമീറ്ററോളം നീണ്ട ഉള്‍നാടന്‍ ജലപാതകളാണ് ഉള്ളത്. വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ നിരവധി ഐലന്‍ഡുകളുമുണ്ട്. ഇങ്ങോട്ടേയ്ക്ക് റോഡ് മാര്‍ഗം എത്താന്‍ കഴിയില്ല. ഇവയെ തമ്മില്‍ ബന്ധിപ്പിച്ച് വാട്ടര്‍ മെട്രോ വരുന്നത് ഈ പ്രദേശത്തിന്റെയാകെ വികസനത്തിന് വഴിതുറക്കും. അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.എം.ആർ എൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റയുമായി ചർച്ച ടത്തിയ അദ്ദേഹം ഗോവയുടെ വാട്ടര്‍ മെട്രോ പദ്ധതിക്ക് വേണ്ടി കൊച്ചി മെട്രോ നടത്തുന്ന സാധ്യത പഠനറിപ്പോര്‍ട്ടിന് വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത് എന്നും പറഞ്ഞു. റിവര്‍ നാവിഗേഷന്‍ വകുപ്പ് ഡയറക്ടര്‍ വിക്രം സിങ് രാജെ ബോസ്ലെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഹൈക്കോര്‍ട്ടില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് വാട്ടര്‍ മെട്രോയില്‍ ഗോവന്‍ സംഘം യാത്രയും നടത്തി. കെ.എം.ആര്‍.എല്‍ ഡയറക്ടര്‍മാരായ ഡോ. എം.പി രാംനവാസ്, സഞ്ജയ് കുമാര്‍, ചീഫ് ജനറല്‍ മാനേജര്‍ (വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്) ഷാജി ജനാര്‍ദ്ദനന്‍ എന്നിവര്‍ പദ്ധതി സംബന്ധിച്ച വിശദാംശങ്ങള്‍ വിശദീകരിച്ചു. രാജ്യത്തെ 18 കേന്ദ്രങ്ങളില്‍ വാട്ടര്‍ മെട്രോ നടപ്പാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് തിരഞ്ഞെടുത്ത സ്ഥലങ്ങളിലൊന്നാണ് ഗോവ. ഇവയുടെ സാധ്യത പഠനം നടത്തുന്നത് കെ.എം.ആര്‍.എല്‍ ആണ്. ഗോവയിലെ പഠനവുമായി ബന്ധപ്പെട്ട പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച കെ.എം.ആര്‍.എല്ലിന്റെ പഠന സംഘം അടുത്തമാസം ഗോവ സന്ദര്‍ശിക്കും. ഇതിന് മുന്നോടിയായി കൊച്ചിയിലെ വാട്ടര്‍ മെട്രോ സംവിധാനം പരിശോധിക്കുന്നതിനും മനസിലാക്കുന്നതിനുമാണ് ഗോവന്‍ സംഘം കൊച്ചിയിലെത്തിയത്.



Post a Comment

أحدث أقدم

AD01