ലോക ശ്വാസകോശ അര്‍ബുദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി നിര്‍വഹിച്ചു. ശക്തരായി ഒന്നിച്ച്: ശ്വാസകോശ കാന്‍സര്‍ ബോധവല്‍ക്കരണത്തിന് ഐക്യമായി''എന്നതാണ് ദിനാചരണ പ്രമേയം. ശ്വാസകോശ അര്‍ബുദ ദിനചാരണ പ്രചരണ ബോര്‍ഡ് പ്രകാശിപ്പിച്ചു. തുടര്‍ന്ന് ശ്വാസകോശ സംരക്ഷണ പ്രതിജ്ഞ എടുത്തു. ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ ടി രേഖ അധ്യക്ഷയായി. ജില്ലാ ആശുപത്രി ഓങ്കോളജിസ്റ്റ് ഡോ. വി എസ് ദിവ്യ ബോധവല്‍ക്കരണ ക്ലാസെടുത്തു. ട്രാഫിക് പോലീസ്, കെ എസ് ആര്‍ ടി സി ഡ്രൈവര്‍മാര്‍, മത്സ്യതൊഴിലാളികള്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, സാനിറ്റേഷന്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്ക് ജില്ലാ ആശുപത്രിയില്‍ ശ്വാസകോശ പരിശോധന ക്യാമ്പ് നടന്നു. 60 ഓളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. ശ്വാസകോശ പരിശോധനയില്‍ ബുദ്ധിമുട്ട് കണ്ടെത്തിയവരെ തുടര്‍ പരിശോധനക്കായി റഫര്‍ ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീജിനി, ഡെപ്യൂട്ടി കലക്ടര്‍ കെ ശ്രുതി, ജില്ല ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗ്രിഫിന്‍ സുരേന്ദ്രന്‍, ആര്‍എംഒ ഡോ.സുമിന്‍മോഹന്‍, ടി ബി സെന്റര്‍ കണ്‍സല്‍ട്ടന്റ് ഡോ.കെ എം ബിന്ദു, ജില്ലാ ആശുപത്രി റെസ്പിറേറ്ററി മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോ. കലേഷ്, ജില്ലാ ഡെപ്യൂട്ടി എജുക്കേഷന്‍ ആന്‍ഡ് മാസ് മീഡിയ ഓഫീസര്‍ ടി സുധീഷ് എന്നിവര്‍ സംസാരിച്ചു. ദിനചാരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും ശ്വാസകോശ പരിശോധന ക്യാമ്പുകള്‍ നടത്തി.
ശ്വാസകോശ അര്‍ബുദം; അതീവ ജാഗ്രത പുലര്‍ത്തണം പുകയില ഉപയോഗിക്കുന്നവര്‍, മുന്‍കാലത്ത് പുകവലി ശീലമാക്കിയിരുന്നവര്‍, പുക ആസ്ബറ്റോസിസ് ഡീസല്‍ പുക, തുടങ്ങിയവയോട് സമ്പര്‍ക്കമുള്ളവര്‍, കുടുംബത്തില്‍ ശ്വാസകോശ ക്യാന്‍സര്‍ ചരിത്രമുള്ളവര്‍, നിര്‍മ്മാണം, ഖനനം, ട്രാഫിക് നിയന്ത്രണം,ജൈവ ഇന്ധനം ഉപയോഗിച്ച് പാചകം, എന്നീ ജോലി ചെയ്യുന്നവര്‍, സി.ഒ പി.ഡി, ക്ഷയ രോഗം, ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന ശ്വാസകോശ പ്രശ്‌നമുള്ളവര്‍ എന്നിവര്‍ അതീവ ജാഗ്രത പുലര്‍ത്തണം. രണ്ടു-മൂന്ന് ആഴ്ചയിലധികം തുടരുന്ന ചുമയും ചുമയോടൊപ്പം രക്തം വരലും, ആഴത്തില്‍ ശ്വാസം എടുക്കുമ്പോഴും ചുമയ്ക്കുമ്പോഴും ചിരിച്ചാലോ ഉണ്ടാകുന്ന നെഞ്ചുവേദന, ശ്വാസംമുട്ടല്‍, പെട്ടെന്ന് ഉണ്ടാകുന്ന ശബ്ദ മാറ്റം എന്നില ശ്വാസകോശ അര്‍ബുദത്തിന്റെ പ്രാഥമിക ലക്ഷണങ്ങളാണ്. ആവര്‍ത്തിച്ചുണ്ടാകുന്ന ന്യൂമോണിയ, ബ്രോങ്കൈറ്റിസ് എന്നീ ശാസകോശ രോഗങ്ങള്‍, കാരണം അറിയാത്ത ഭാരക്കുറവ്, അല്ലെങ്കില്‍ ആഹാരത്തിലുള്ള താല്പര്യക്കുറവ്, സ്ഥിരമായ തളര്‍ച്ച, മുഖത്തോ കഴുത്തിലോ വീക്കം, വിരലുകളുടെ തുമ്പുകള്‍ കനത്തതാകുന്നത് എന്നിവയും ശ്വാസകോശ അര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്. ശ്വാസകോശ അര്‍ബുദം തുടക്കത്തില്‍ കണ്ടെത്തിയാല്‍ ജീവന്‍ രക്ഷിക്കാം.
إرسال تعليق