വയനാട് പുനരധിവാസ ഭൂമി വിവാദത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് ജില്ലാ നേതൃത്വം. കെ.ടി ജലീൽ ഒരു കീടബാധ പോലെയെന്ന് മുസ്ലിം ലീഗ് വയനാട് ജില്ലാ നേതൃത്വം വിമർശിച്ചു. ഉരുൾ പൊട്ടൽ ഉണ്ടായ സമയത്ത് സഹായത്തിന് പരിസരത്ത് പോലും ഉണ്ടാകാത്ത ആളാണ് ജലീൽ. മുസ്ലിം ലീഗ് ടൗൺഷിപ്പിൽ കോളനി സ്ഥാപിക്കാൻ ശ്രമിക്കുന്നു എന്ന് ജലീൽ പറയുന്നു. ജലീൽ രാഷ്ട്രീയം തുടങ്ങിയത് തീവ്ര സ്വഭാവമുള്ള സംഘടനയിൽ നിന്നെന്നും ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.മുഹമ്മദ് പറഞ്ഞു.
ജലീലിൻ്റേത് വർഗീയ പരാമർശം. ലീഗ് വാങ്ങിയ ഭൂമി തോട്ടഭൂമി ആണ് എന്നത് പ്രചാരണം മാത്രമാണ്. ഭൂപരിഷ്കരണ നിയമപ്രകാരം ഈ ഭൂമി വീടിൻ്റെ ആവശ്യത്തിന് ഉപയോഗിക്കുന്നതിന് തടസമില്ല. പുത്തുമല പുനരധിവാസ ഭൂമി സർക്കാർ തരം മാറ്റി നൽകിയിട്ടുണ്ടെന്നും മുഹമ്മദ് വ്യക്തമാക്കി. അതേസമയം മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിർക്കായുള്ള വീട് നിർമ്മാണത്തിൽ മുസ്ലീം ലീഗ് നടത്തിയത് വൻ തട്ടിപ്പെന്ന ആരോപണവുമായി കെ ടി ജലീൽ എംഎൽഎ ഇന്നലെ രംഗത്തെത്തിയിരുന്നു.
തോട്ടഭൂമി എന്ന് അറിഞ്ഞിട്ടാണ് സ്ഥലം ഇടപാട് നടന്നത്. ഒരു ലക്ഷം രൂപയ്ക്കാണ് ഒരു സെൻ്റ് വാങ്ങിയത്. കരാർ ആകും മുമ്പ് തറക്കല്ലിടൽ നടന്നു. നിർമ്മാണ അനുമതി കിട്ടാത്ത സ്ഥലം ആണ് അതെന്നും ജലീൽ ആരോപിച്ചു. ഒരു സെൻ്റിന് ഒരു ലക്ഷത്തി 22 ,000 രൂപ എന്നത് പകൽ കൊള്ളയാണ്. മുസ്ലീംലീഗ് ദുരന്ത സഹായത്തിന് പിരിച്ച പണത്തിന് കയ്യും കണക്കും ഇല്ല. പാണക്കാട് തങ്ങളെ ലാൻഡ് ബോർഡിൻ്റെ മുന്നിലേക്ക് എറിഞ്ഞു കൊടുത്തിരിക്കുകയാണ് ലീഗ് നേതാക്കൾ. ഗൗരവമായി കാക്കേണ്ട കാര്യമായിരുന്നു അത് കണ്ടില്ല. വലിയ ചതിയും പറ്റിക്കലും ലീഗിൻറെ അഞ്ചംഗ ഉപസമിതി നടത്തിയെന്നും ജലീൽ വിമർശിച്ചു. ക്രിക്കറ്റ് ടീമിനെ നിശ്ചയിക്കും പോലെയാണ് സമിതി ഉണ്ടാക്കിയതെന്നും ജലീൽ ചൂണ്ടിക്കാട്ടി. നിയമ പരിജ്ഞാനം ഉള്ള ആരും സമിതിയിൽ ഉണ്ടായിരുന്നില്ല. കുറവ് തുകയ്ക്ക് ഭൂമി ലഭ്യമാകും എന്നിരിക്കെ എന്തിനാണ് ഇത്ര വലും തുകയ്ക്ക് ഭൂമി വാങ്ങിയത്. ഉപസമിതിയെ സസ്പെൻഡ് ചെയ്യാൻ പാർട്ടി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദുരന്തബാധിതരിൽ സമുദായിക ചേരിതിരിവ് ഉണ്ടാക്കാനാണ് ലീഗ് ശ്രമിച്ചതെന്നും, ഉത്തരേന്ത്യൻ മോഡൽ ഗല്ലികൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും ജലീൽ ആരോപിച്ചു. പള്ളി പണിത് നൽകാം എന്ന് ഓഫർ നൽകുന്നു. അവിടെ വോട്ട് ബാങ്ക് ഗ്രാമം ഉണ്ടാക്കാൻ ആണ് ശ്രമം. 15 ലക്ഷം രൂപ തിരിച്ചു നൽകി ഗുണ ഭോക്താക്കൾ സർക്കാർ സ്കീമിലേക്ക് മടങ്ങണമെന്നും ജലീൽ ആവശ്യപ്പെട്ടു.
إرسال تعليق