ജീവിത സായാഹ്നങ്ങളിലൂടെ കടന്നുപോകുന്നവരുടെ മാനസികോല്ലാസം ഉറപ്പാക്കാനും അവരെ ചേർത്തുപിടിക്കാനുമായി ചിറക്കൽ ഗ്രാമപഞ്ചായത്ത് 'തൂവൽ സ്പർശം' മെഗാവയോജന സംഗമം സംഘടിപ്പിച്ചു. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിച്ച സംഗമം ഡോ. ജോൺ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ ഒറ്റപ്പെട്ടുപോകാതെ വയോജനങ്ങളെ ചേർത്തുപിടിക്കുവാൻ ഉദ്ദേശിച്ചുള്ള മെഗാവയോജന സംഗമം പ്രശംസനാർഹവും മാതൃകാപരവുമാണെന്നും എം പി പറഞ്ഞു. പലവിധ പ്രയാസങ്ങൾ കൊണ്ട് ഒതുങ്ങിക്കഴിയാതെ ജീവിതത്തിലെ ഓരോഘട്ടവും ആസ്വദിക്കുവാൻ വയോജനങ്ങളെ പ്രാപ്തമാക്കുന്നതാണ് ഇത്തരം സംഗമങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജാസ് യുപി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി. ആയിരത്തോളം വയോജനങ്ങൾ സംഗമത്തിൽ പങ്കെടുത്തു. വയോജനങ്ങളുടെ ക്ഷേമത്തിനായി നിരവധി പ്രവർത്തനങ്ങളാണ് ചിറക്കൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്നത്.
നാലുവർഷമായി വയോജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് വയോജന യാത്ര സംഘടിപ്പിക്കുന്നുണ്ട്. നൂറുകണക്കിന് വയോജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഉല്ലാസയാത്ര ഈ വർഷവും സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് പഞ്ചായത്ത്. വിവിധ കലാപരിപാടികളും അരങ്ങേറി. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ ടീച്ചർ, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, വൈസ് പ്രസിഡന്റ് പി അനിൽകുമാർ, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ വി സതീശൻ, ചിറക്കൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ എൻ ശശീന്ദ്രൻ, ടി കെ മോളി, കെ വത്സല, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചന്ദ്രമോഹൻ, ചിറക്കൽ ഗ്രാമപഞ്ചായത്ത് അംഗം കസ്തൂരിലത, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി രമേശ് ബാബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി വി രതീഷ് കുമാർ, എസ് ആർ ഡി പ്രസാദ്, മുൻ എ സി പി രത്നകുമാർ, മുൻ എസ് പി ശ്രീശുകൻ, ജയപാലൻ മാഷ്, അരക്കൽ ബാലൻ, കൊല്ലൻ മോഹനൻ, വി രാജൻ, എസ് എൽ പി മുഹമ്മദ് കുഞ്ഞി എന്നിവർ പങ്കെടുത്തു.
Post a Comment