കലയുടെ രാപ്പകലുകൾക്ക് ജനുവരി 7 ന് കൊടിയേറും: മാറ്റുരക്കുന്നത് 14000 കുരുന്നുകൾ; എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികൾക്കും 1,000 രൂപ ഗ്രാൻഡ്


ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ 64-ാമത് പതിപ്പിന് സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ അടുത്തവർഷം ജനുവരി 7 ന് കൊടിയേറും. ജനുവരി 7 മുതൽ 11 വരെ അഞ്ച് ദിവസങ്ങളിലായാണ് കലോത്സവം അരങ്ങേറുക. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള ചരിത്രസംഭവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സർക്കാരെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

19 സബ് കമ്മിറ്റികളുടെയും ചെയർമാൻമാരുടെയും കൺവീനർമാരുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയും തൃശ്ശൂരിലെ ജനങ്ങളുടെ അകമഴിഞ്ഞ സഹകരണത്തിലൂടെയും ഈ മേള ഒരു വൻവിജയമാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

മേളയുടെ പ്രചാരണത്തിനായി പ്രോമോ വീഡിയോ അടക്കമുള്ള ആധുനിക പ്രൊമോഷണൽ സംവിധാനങ്ങൾ ഉപയോഗിക്കും. പരിസ്ഥിതി സൗഹൃദ മേളയെന്ന നിലയിൽ ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിച്ചുകൊണ്ട് മാതൃകാപരമായ ഒരു കലോത്സവമാണ് ലക്ഷ്യമിടുന്നത്. കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി 2025 ജൂലൈ 25-ന് തിരുവനന്തപുരത്ത് അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം ചേർന്നിരുന്നു. തുടർന്ന്, ഓഗസ്റ്റ് 12-ന് മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ തൃശൂരിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതിക്ക് രൂപം നൽകി.

249 ഇനങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏകദേശം 14,000 വിദ്യാർത്ഥികൾ മേളയിൽ മാറ്റുരയ്ക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മത്സരങ്ങൾക്കായി ഏറ്റവും അനുയോജ്യമായ വേദികൾ കണ്ടെത്തുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സരാർത്ഥികൾക്കും ഒഫീഷ്യൽസിനും താമസിക്കുന്നതിനായി നഗരത്തിലെ വിവിധ വിദ്യാലയങ്ങൾ സജ്ജീകരിക്കും.

കലോത്സവത്തിൽ പങ്കെടുക്കുന്നവർക്കും സംഘാടകർക്കും ഉൾപ്പടെ എല്ലാവർക്കും മികച്ച നിലവാരത്തിലുള്ള ഭക്ഷണം ഒരുക്കും. സർക്കാർ അനുവദിച്ച ബഡ്ജറ്റിന് പുറമെ, സ്പോൺസർമാരെ കണ്ടെത്തി മേള കൂടുതൽ വർണാഭമാക്കാൻ എല്ലാ സബ് കമ്മിറ്റികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘എ ഗ്രേഡ്’ നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാർ 1,000 രൂപയുടെ സാംസ്കാരിക സ്കോളർഷിപ്പ് നൽകും. കൂടാതെ, സ്പോൺസർഷിപ്പിലൂടെ ഇവർക്ക് പ്രത്യേക മൊമെന്‍റോ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ട്രോഫി കമ്മിറ്റി ചെയ്യും. സ്വർണ്ണക്കപ്പ് ഘോഷയാത്രയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉടൻ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. തൃശ്ശൂരിലെ ജനപ്രതിനിധികളുടെയും സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും സജീവ പങ്കാളിത്തത്തോടെ 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം അവിസ്മരണീയമാക്കാനാണ് സംഘാടക സമിതി ലക്ഷ്യമിടുന്നതെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.



Post a Comment

أحدث أقدم

AD01