റാലിക്കിടെ പൊലീസ് ലാത്തി വീശി, കല്ലേറുണ്ടായി; ഗൂഢാലോചന ആരോപിച്ച് ടിവികെ കോടതിയിൽ


ചെന്നൈ: കരൂര്‍ ദുരന്തത്തിൽ ​ഗൂഢാലോചന ആരോപിച്ച് ടിവികെ. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. റാലിക്കിടെ പൊലീസ് ലാത്തിവീശിയെന്നും ദുരന്തം നടക്കുന്നതിന് മുമ്പ് റാലിക്കുനേരെ കല്ലേറുണ്ടായെന്നും ആരോപിച്ചാണ് ഹർജി. ഇന്ന് ഉച്ചയോടെയാണ് ടിവികെ ഹൈക്കോടതിയെ സമീപിച്ചത്. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് കേസ് നാളെ പരിഗണിക്കും. ടിവികെയുടെ ഹര്‍ജി ഫയലിൽ സ്വീകരിച്ച കോടതി കേസ് നാളെ പരിഗണിക്കുമെന്ന് വ്യക്തമാക്കി. കോടതി തീരുമാനത്തിനുശേഷം തുടര്‍നടപടിയെടുക്കുമെന്ന് ടിവികെ വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനവ്യാപകമായി വിജയ് നടത്തുന്ന പ്രചാരണപരിപാടിയുടെ ഭാ​ഗമായി ശനിയാഴ്ച കരൂരിൽ സംഘടിപ്പിച്ച തമിഴക വെട്രി കഴകത്തിൻ്റെ റാലിക്കിടെയായിരുന്നു അപകടം. 8 കുട്ടികളും 17 സ്ത്രീകളുമടക്കം 39 പേരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ നൽകുമെന്ന് വിജയ് പ്രഖ്യാപിച്ചു. 10 ലക്ഷവും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും തമിഴ്നാട് സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും അറിയിച്ചു.

കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ തുടര്‍നടപടികളുടെ ഭാഗമായി പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ അടിയന്തര യോഗം ചേര്‍ന്നു. തമിഴ്നാട് എഡിജിപി എസ്‍ ഡേവിഡ്സണിന്‍റെ നേതൃത്വത്തിലാണ് കരൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ യോഗം ചേരുന്നത്.

സംഭവത്തിൽ ടിവികെ സംസ്ഥാന നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ടിവികെയുടെ സംസ്ഥാന ജനറൽ സെക്രട്ടറി എൻ ആനന്ദ്, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി നിര്‍മൽ കുമാര്‍, കരുര്‍ വെസ്റ്റ് ജില്ലാ അധ്യക്ഷൻ മതിയഴകൻ എന്നിവര്‍ക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. വിജയിനെ തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. സംഭവത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.



Post a Comment

أحدث أقدم

AD01