ക്ഷുഭിതയൗവനത്തിന്റെ പ്രതീകമായും പ്രണയാതുര നായകനായും പ്രതിനായകനായുമൊക്കെ മലയാള സിനിമയിൽ പകർന്നാട്ടം നടത്തിയ മഹാനടൻ മധുവിന് ഇന്ന് 92-ാം പിറന്നാൾ. മലയാള സിനിമയിലെ ആണ്‍ജീവിതത്തിന് അഭ്രപാളിയില്‍ ഭാവം പകരാനുള്ള നിയോഗം ഏറെയും കൈവന്നത് മധുവിനായിരുന്നു.
”കറുത്തമ്മാ… കറുത്തമ്മ പോകുകയാണോ? എന്നെ ഉപേക്ഷിച്ചിട്ട് കറുത്തമ്മയ്ക്ക് പോകാനാകുമോ…? കറുത്തമ്മ പോയാല്‍ ഞാനീ കടാപ്പുറത്ത് പാടിപ്പാടി മരിക്കും.” പരീക്കുട്ടിയുടെ ഹൃദയഭേദകമായ വാക്കുകള്‍ മലയാള സിനിമയുടെ ഫ്ലാഷ്ബാക്കിന്റെ ഫ്രെയിമുകളില്‍ ഒരു നൊസ്റ്റാള്‍ജിയ പോലെ ഇന്നും നിറഞ്ഞുനില്‍പ്പുണ്ട്. പുറക്കാട്ട് കടപ്പുറത്ത് കറുത്തമ്മയെ തേടിയലഞ്ഞ പരീക്കുട്ടിയെന്ന ദുരന്തകാമുകനിലൂടെ മലയാള സിനിമാസ്വാദകരുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടുകയായിരുന്നു മധു എന്ന നടന്‍. മലയാള സിനിമയുടെ ഫ്രെയിമുകളില്‍ മധു എന്ന പ്രതിഭ കടന്നുപോകാത്ത മേഖലകള്‍ നന്നേ കുറവാണ്. പക്ഷേ, കാലം മധുവിലെ നടനെ വിലയിരുത്തുന്നത് പകര്‍ന്നാടിയ കഥാപാത്രങ്ങളുടെ പേരിലായിരിക്കും.ചെമ്മീനിലെ പരീക്കുട്ടി, ഭാര്‍ഗ്ഗവീനിലയത്തിലെ സാഹിത്യകാരന്‍, ഉമ്മാച്ചുവിലെ മായന്‍, ഓളവും തീരത്തിലെ ബാപ്പുട്ടി, നാടന്‍പ്രേമത്തിലെ ഇക്കോരന്‍, വിത്തുകളിലെ ഉണ്ണി, ഏണിപ്പടികളിലെ കേശവപ്പിള്ള, കള്ളിച്ചെല്ലമ്മയിലെ അത്രാം കണ്ണ് … മലയാളത്തിന്റെ സെല്ലുലോയ്ഡില്‍ മധു പകര്‍ന്ന ഭാവതീക്ഷ്ണതകള്‍ സുവര്‍ണ്ണലിപികളില്‍ തന്നെയാണ് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. ബനാറസ് യൂണിവേഴിസിറ്റിയില്‍നിന്നും എം.എ. ബിരുദവുമായെത്തിയ മധു കോളേജ് അധ്യാപകന്റെ വേഷത്തില്‍ ജീവിതയാത്ര തുടരുമ്പോഴും നാടകത്തെ കയ്യൊഴിഞ്ഞില്ല. നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേക്ക് അപേക്ഷ അയക്കുമ്പോള്‍തന്നെ ആ മനസ്സ് പറഞ്ഞിരിക്കാം നാടകമാണ് തന്റെ ജീവിതമെന്ന്. പത്മപുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചുവെങ്കിലും പലരും ചെയ്യാറുള്ളതുപോലെ പേരിനൊപ്പം ബഹുമതിയുടെ കിന്നരി പിടിപ്പിച്ച ആ അലങ്കാരങ്ങളെ തലയിലേറ്റാന്‍ മധു തയ്യാറല്ല. അതുതന്നെയാണ് മറ്റുള്ളവരില്‍നിന്ന് മധുവിനെ വ്യത്യസ്തനാക്കുന്നതും
إرسال تعليق