ചാമ്പ്യൻസ് ബോട്ട് ലീഗ് ഉത്തരമലബാർ ജലോത്സവം സംഘാടകസമിതി രൂപീകരണ യോഗം എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

 



ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരം കോട്ടപ്പുറം അച്ചാംതുരുത്തി തേജസ്വിനി പുഴയിൽ ഒക്ടോബർ 12ന് നടക്കും. പരിപാടിയുടെ വിജയത്തിന് സംഘാടകസമിതി രൂപീകരിച്ചു യോഗം എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആദ്യമായി കാസർഗോഡ് ജില്ലയിൽ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ വൻ വിജയമാക്കുന്നതിന് എല്ലാവരുടെയും കൂട്ടായ പ്രവർത്തനം ഉണ്ടാകണമെന്ന് എംഎൽഎ പറഞ്ഞു. വടക്കൻ കേരളത്തിൽ ചാലിയാർ പുഴയിലും ധർമ്മടത്തും ചെറുവത്തൂരിലും മാത്രമാണ് ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ നടക്കുന്നത്. കോട്ടപ്പുറം അച്ചാംതുരുത്തി പാലത്തിനു സമീപം നടന്ന യോഗത്തിൽ ജില്ലാ കളക്ടർ കെ ഇമ്പശേഖർ അധ്യക്ഷത വഹിച്ചു.

കേരള സർക്കാർ ടൂറിസം വകുപ്പ്സം ഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് 2025 ആദ്യമായ് കാസർഗോഡ് ജില്ലയിൽ തൃക്കരിപ്പൂർ മണ്ഡലത്തിലെ അച്ചാംതുരുത്തി -കോട്ടപ്പുറം പാലത്തിന് സമീപത്ത് ഒക്ടോബർ 12 ന് നടക്കും. അരനൂറ്റാണ്ടിലധികം കാലത്തെ ചരിത്രമുള്ള മലബാറിലെ ആദ്യത്തെ വള്ളംകളി എന്ന പ്രത്യേകതയുമുള്ള ഉത്തരമലബാർ ജലോത്സവത്തെ ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഉൾപ്പെടുത്തിയതോടെ വള്ളംകളി നൽകുന്ന ആവേശത്തിനപ്പുറം അനന്തമായ ടൂറിസം സാധ്യത കൂടി തുറക്കപ്പെട്ടിരിക്കുകയാണ്.

1970 മുതൽ നടന്നുവരുന്ന വള്ളംകളി ആദ്യകാലത്ത് തിരുവോണനാളിലും പിന്നീട് ഗാന്ധിജയന്തി ദിവസത്തിലേക്ക് മാറ്റുകയുമാണുണ്ടായത്. മത്സ്യത്തൊഴിലാളികളുടെ തോണിയിൽ പുരുഷന്മാർ മാത്രം പങ്കെടുത്ത് നടത്തിയിരുന്ന വള്ളംകളിയിൽ നിന്ന് ചുരുളൻ വള്ളങ്ങളിലേക്കും 15,25 പേരുടങ്ങുന്ന ടീമുകളിലേക്കും, പുരുഷന്മാരോടൊപ്പം വനിതകളും പങ്കെടുക്കുന്ന ആവേശപൂർവ്വമായ വള്ളംകളിയുടെ പരിണാമഘട്ടത്തിലെ നിർണായകമായ ചുവടുവെപ്പാണ് ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഉൾപ്പെടുത്താനുള്ള ടൂറിസം വകുപ്പിൻ്റെയും സർക്കാറിന്റെയും തീരുമാനം. പുരോഗതി കൈവരിച്ചു കൊണ്ടിരിക്കുന്ന ഉത്തരമലബാറിലെയും വിശേഷിച്ച് കാസർഗോഡ് ജില്ലയിലെയും ടൂറിസം മേഖലയ്ക്ക് ഗതിവേഗം പകരുന്ന തീരുമാനം കൂടിയാണ് സർക്കാർ എടുത്തിട്ടുള്ളതെന്ന് എംഎൽഎ പറഞ്ഞു



Post a Comment

Previous Post Next Post

AD01