ഇരിട്ടി: ഡയാലിസിസ് രോഗികൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി അനുവദിക്കപ്പെടുന്ന സാമ്പത്തിക സഹായം കഴിഞ്ഞ മൂന്ന് വർഷമായി ഇരിട്ടി മുനിസിപ്പാലിറ്റിയിൽ നൽകാത്തത് ഗുരുതരമായ അനീതിയാണെന്ന് ഇരിട്ടി മുനിസിപ്പാലിറ്റിയിലെ യുഡിഎഫ് കൗൺസിലർമാർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ഇരിട്ടി നഗരസഭയിൽ നിലവിൽ 35 ഓളം ഡയാലിസിസ് രോഗികളുണ്ട്. ഇവരിൽ 25 ഓളം രോഗികൾ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഒരാഴ്ചയിൽ പലവട്ടം ചികിത്സയ്‌ക്ക് വിധേയരാകേണ്ടതിനാൽ, ഒരോ രോഗിക്കും 2000 രൂപയോളം ചെലവ് വരുന്നുണ്ടെന്ന് അവർ വ്യക്തമാക്കി. 2023–24 സാമ്പത്തിക വർഷം മുതൽ ഇന്നുവരെയായി സഹായം വിതരണം ചെയ്യാതിരുന്നതിന് കാരണം ഇമ്പ്ലിമെൻറ് ഓഫീസറായ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഒപ്പിടുന്നില്ല എന്നൊരു കാരണമാണ് ഭരണസമിതി ചൂണ്ടിക്കാണുന്നത്.സിപിഎം ഭരിക്കുന്ന മുനിസിപ്പാലിറ്റി ഭരണസമിതിക്ക് ഇച്ഛാശക്തിയോടെ വിഷയത്തിൽ ഇടപെടാൻ കഴിയുന്നില്ലെന്നും യുഡിഎഫ് കൗൺസിലർമാർ കുറ്റപ്പെടുത്തി. 12 ലക്ഷം രൂപ മുനിസിപ്പാലിറ്റിയുടെ തനത് ഫണ്ടിൽനിന്ന് അനുവദിച്ചിട്ടും രണ്ടുവർഷമായി ഫണ്ട് ലാപ്സ് ആകുകയാണ് ചെയ്തത് പേരാവൂർ നിയോജക മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിൽ രോഗികൾക്ക് ഈ ആനുകൂല്യം ലഭ്യമാകുമ്പോൾ, ഇരിട്ടി മുനിസിപ്പാലിറ്റിയിലാണ് രോഗികളെ അവഗണിക്കുന്നത്. ജീവൻ രക്ഷിക്കാനുള്ള ഈ ചികിൽസയിൽ രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും മേൽ ഭരണസമിതി കാണിക്കുന്ന ഈ നിസ്സംഗത മാനുഷികതയുടെ തന്നെ അവഹേളനമാണ് – യുഡിഎഫ് കൗൺസിലർമാർ ചൂണ്ടിക്കാട്ടി. അതേസമയം, ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലും നിരവധി ഗുരുതര പ്രശ്നങ്ങൾ നിലനിൽക്കുന്നുവെന്ന് അവർ ആരോപിച്ചു. ഡയാലിസിസ് രോഗികൾക്ക് ആവശ്യമായ ബ്ലഡ് ടെസ്റ്റ് സൗകര്യം ആശുപത്രിയിൽ ഇപ്പോൾ ലഭ്യമല്ല. പലപ്പോഴും വെള്ളം ലഭിക്കാത്തതിനാൽ ഡയാലിസിസ് ചികിത്സ വൈകുന്നത് ഗുരുതര ആരോഗ്യഭീഷണിയിലാക്കുന്നു. കൂടാതെ, രോഗികൾക്ക് ആശുപത്രി വഴി ലഭിക്കേണ്ട മരുന്നുകൾ പലപ്പോഴും പോരായ്മ അനുഭവപ്പെടുന്നു, ഇത് രോഗികളെയും അവരുടെ കുടുംബങ്ങളെയും അധിക സാമ്പത്തിക ബാധ്യതയിലാക്കുന്നു. “ഒരു ജീവൻ പോലും നഷ്ടപ്പെടാൻ ഇടവരുത്തുന്ന ഇത്തരം വീഴ്ചകളോട് ഭരണകൂടം അനാസ്ഥ കാണിക്കരുത്. ഡയാലിസിസ് രോഗികൾ നേരിടുന്ന ദുരിതം മനസിലാക്കി, സാമ്പത്തിക സഹായവും ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളും മരുന്നുകളുടെ ലഭ്യതയും അടിയന്തരമായി ഉറപ്പാക്കണം” – യുഡിഎഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ യുഡിഎഫ് കൗൺസിലർമാരായ പി.കെ. ബൽക്കീസ് , വി ശശി ,വി.പി. റഷീദ് , സമീർ പുന്നാട് ,പി. ബഷീർ ,കോമ്പിൽ അബ്ദുൽ ഖാദർ ,എൻ.കെ. ഇന്ദുമതി, ടി.കെ. ഷരീഫ ,എം.കെ. നജ്മുന്നിസ , സാജിദ ചൂര്യോട് പങ്കെടുത്തു
ഡയാലിസിസ് രോഗികൾക്ക് സഹായം നിഷേധിക്കുന്നത് ഗുരുതര അനീതി– ഇരിട്ടി മുനിസിപ്പാലിറ്റിയിലെ യുഡിഎഫ് കൗൺസിലർമാർ
WE ONE KERALA
0
Post a Comment