ഇന്ന് ലോക സമാധാന ദിനം. ഗാസയുടെ ആകാശത്തും മണ്ണിലും ആക്രമണങ്ങൾ തുടരെ നടക്കുമ്പോഴാണ് ഈ വർഷം സമാധാന ദിനം ആചരിക്കുന്നത്. വർണിക്കാനാകാത്ത ദുരിതക്കാഴ്ചയാണ് അവിടെയുള്ളത്. ഗാസയിലെ കുട്ടികൾക്ക് സമാധാനം എന്ന ആശയം ഒരു ഭാരമാണ്, നഷ്ടപ്പെട്ട വീടുകളുടെയും സ്കൂളുകളുടെയും കുടുംബങ്ങളുടെയും ഓർമ്മകൾ ഉണർത്തുന്നതും അക്രമത്തിന്റെയും നാശത്തിന്റെയും കഠിനമായ യാഥാർത്ഥ്യങ്ങൾ പേറിയുള്ള അവരുടെ ജീവിതത്തിൽ എന്നാണ് സമാധാനം പുലരുകയെന്നത് ആർക്കും അറിയില്ല. സമാധാനമുള്ള ലോകത്തിനായി പ്രവർത്തിക്കുക എന്നതാണ് ഇന്നത്തെ ലോക സമാധാന ദിനത്തിന്റെ സന്ദേശം. 1981ലാണ് ലോക സമാധാന ദിനമായി ആചരിക്കാനുള്ള തീരുമാനം ഐക്യരാഷ്ട്ര സംഘടന കൈകൊള്ളുന്നത്. 1982 മുതൽ ഈ ദിനം നിലവിൽ വരികയും ചെയ്തു. യുഎൻ ആസ്ഥാനത്ത് ഐക്യരാഷ്ട്രസഭയുടെ സമാധാന മണി മുഴക്കികൊണ്ടാണ് ഈ ദിനം ഉത്ഘാടനം ചെയ്യപ്പെടുന്നത്. “സമ്പൂർണ ലോക സമാധാനം നീണാൾ വാഴട്ടെ” എന്ന് എഴുതിയിരിക്കുന്ന ലിഖിത രൂപം സമീപത്ത് കാണാൻ കഴിയും.ഇന്നലെ ഗാസയിൽ കൊല്ലപ്പെട്ടത് 51 പേരാണ്. ഇതിൽ 43 പേരും കൊല്ലപ്പെട്ടത് ഗാസ സിറ്റിയിലാണ്. ഇതുവരെ ഗാസയിൽ 65,208 പേർ കൊല്ലപ്പെടുകയും 1.66 ലക്ഷം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഗാസ സിറ്റിയിൽ ഇതുവരെ കാണാത്ത ആക്രമണം ഉണ്ടാകുമെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി പറഞ്ഞത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പോഷകാഹാരക്കുറവ് മൂലം ഒരു കുട്ടിയുള്‍പ്പെടെ നാല് പേര്‍ മരിച്ചു. 147 കുട്ടികള്‍ ഉള്‍പ്പെടെ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 440 ആയി. ഗാസ നഗരത്തില്‍ നിന്ന് ഏകദേശം 480,000 പേര്‍ പലായനം ചെയ്തതായി ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
Post a Comment