ആന്ധ്രാപ്രദേശിൽ വോൾവോ ബസിൽ തീപടർന്ന് വൻഅപകടം; 25 യാത്രക്കാർ മരിച്ചെന്ന് വിവരം, 15 പേരെ രക്ഷപ്പെടുത്തി


ആന്ധ്രാപ്രദേശിൽ വോൾവോ ബസ് ബൈക്കിലിടിച്ച് തീപടർന്ന് നിരവധിയാളുകൾ മരിച്ചു. ഹൈദരാബാദിൽ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന കാവേരി ട്രാവൽസിന്റെ വോൾവോ ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ബസിൽ 40 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 15 പേരെ മാത്രമാണ് രക്ഷിക്കാൻ സാധിച്ചതെന്നാണ് വിവരം. മരിച്ചവരുടെ യഥാർത്ഥ കണക്ക് ഔദ്യോഗികമായി പുറത്തുവിട്ടില്ല. 25 പേർ മരിച്ചെന്ന വിവരവും പുറത്തുവരുന്നുണ്ട്. ആന്ധ്രാപ്രദേശ് - ബംഗളൂരു ദേശീയ പാതയിലൂടെ കടന്നുവന്ന ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് കർണൂൽ പൊലീസ് സൂപ്രണ്ട് വിക്രാന്ത് പാട്ടീൽ പറഞ്ഞു. ബസിൽ തീപടർന്നതോടെ യാത്രക്കാർ ഗ്ലാസ് ജനാലകൾ പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അതേസമയം, അപകടം സംഭവിച്ചതോടെ ബസിന്റെ ഡ്രൈവറും കണ്ടക്ടറും ഓടിരക്ഷപ്പെട്ടതായുളള വിവരങ്ങളും പുറത്തുവരുന്നുണ്ട്. പരിക്കേറ്റവരെ ക‌ർണൂലിലെ താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ വലിയ തരത്തിലുളള ഗതാഗതക്കുരുക്കാണുണ്ടായത്.അപകടത്തിൽ മരിച്ചവർക്ക് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. മരിച്ചവർക്ക് സർക്കാർ സഹായം നൽകുമെന്നും അദ്ദേഹം എക്സിലൂടെ അറിയിച്ചു. സംഭവത്തിൽ മുൻ മുഖ്യമന്ത്രിയും വൈ എസ് ആർ സി പി പ്രസിഡന്റുമായ വൈ എസ് ജഗൻ മോഹൻ റെഡ്ഡിയും അനുശോചനം രേഖപ്പെടുത്തി.



Post a Comment

أحدث أقدم

AD01