കേരളത്തിന് വീണ്ടും കേന്ദ്ര അവഗണന: കേന്ദ്ര ദുരിതാശ്വാസ സഹായത്തിൽ വയനാടിന് അനുവദിച്ചത് 260.56 കോടി മാത്രം, കേരളം ആവശ്യപ്പെട്ടത് 2221 കോടി


വയനാട്ടിൽ അടുത്തിടെയുണ്ടായ വൻ ഉരുൾപൊട്ടലിന്റെയും 2022-ലെ പ്രളയത്തിന്റെയും പശ്ചാത്തലത്തിൽ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി കേരളത്തിന് 260.56 കോടി രൂപയുടെ സാമ്പത്തിക സഹായം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതിയാണ് (HLC) കേരളമുൾപ്പെടെ ഒൻപത് സംസ്ഥാനങ്ങൾക്കായി മൊത്തം 4645.60 കോടി രൂപയുടെ ദുരന്ത നിവാരണ, പുനർനിർമ്മാണ പദ്ധതികൾക്ക് അംഗീകാരം നൽകിയത്.

അസമിന് 1270.788 കോടിയും അനുവദിച്ചിട്ടുണ്ട്. ധരാലി അടക്കം പുനർനിർമ്മിക്കാൻ ഉത്തരാഖണ്ഡിന് 1658. 17 കോടിയും ഹിമാചൽ പ്രദേശിന് 2006.40 കോടിയും അനുവദിച്ചു. പ്രധാനമന്ത്രി വയനാട് സന്ദർശിച്ചിട്ടും നാമമാത്രമായ തുകയാണ് അനുവദിച്ചത്.

വയനാട് പുനർനിർമ്മാണത്തിനായി പിഡിഎൻഎയിൽ 2221 കോടി രൂപയാണ് കേരളം അവശ്യപ്പെട്ടത്. ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്നായിരുന്നു ആദ്യ ചർച്ചകളിൽ അറിയിച്ചിരുന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായുള്ള അന്തിമ ചർച്ചയിൽ പങ്കെടുത്തത് ചീഫ് സെക്രട്ടറിയായിരുന്നു. ഇപ്പോൾ 260.56 കോടി രൂപയാണ് കേന്ദ്രം വയനാടിനായി അനുവദിച്ചിരിക്കുന്നത്.

രാജ്യത്തെ 11 നഗരങ്ങൾക്കായി പ്രഖ്യാപിച്ച രണ്ടാം ഘട്ട നഗര വെള്ളപ്പൊക്ക സാധ്യത ലഘൂകരണ പദ്ധതിയിൽ (UFRMP) കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരവും ഉൾപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം, ഭോപ്പാൽ, ഭുവനേശ്വർ, ഗുവാഹത്തി, ജയ്പൂർ, കാൺപൂർ, പട്ന, റായ്പൂർ, വിശാഖപട്ടണം, ഇൻഡോർ, ലഖ്‌നൗ എന്നീ നഗരങ്ങൾക്കായാണ് മൊത്തം 2444.42 കോടി രൂപയുടെ പദ്ധതിക്ക് ഉന്നതതല സമിതി അംഗീകാരം നൽകിയത്.

കൂടുതൽ ജനസാന്ദ്രതയുള്ളതും വെള്ളപ്പൊക്ക സാധ്യതയേറിയതുമായ സംസ്ഥാന തലസ്ഥാനങ്ങൾ എന്ന നിലയിലാണ് ഈ നഗരങ്ങളെ തിരഞ്ഞെടുത്തത്. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ (NDMF) നിന്നാണ് പദ്ധതിക്ക് പണം അനുവദിക്കുക. പദ്ധതിച്ചെലവിന്റെ 90% കേന്ദ്രവും 10% സംസ്ഥാനവുമാണ് വഹിക്കേണ്ടത്.



Post a Comment

أحدث أقدم

AD01