മുപ്പത്തിയൊന്നാമത്തെ 21000 കോടിയുടെ ആസ്തിയുമായി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബില്യണയറായി ചെന്നൈ സ്വദേശിയായ അരവിന്ദ് ശ്രീനിവാസ്. പെർപ്ലെക്സിറ്റി എ ഐ സ്ഥാപകനായ അരവിന്ദ് ശ്രീനിവാസ് ലോകത്തെ ഏറ്റവും അറിയപ്പെടുന്ന എ ഐ സംരഭകൻ കൂടിയാണ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി M3M ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ 2025 ലാണ് അരവിന്ദ് ഇടം നേടിയത്. 2022 ലാണ് അരവിന്ദ് ശ്രീനിവാസ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം പെർപ്ലെക്സിറ്റിക്ക് തുടക്കമിട്ടത്.
അരവിന്ദ് ശ്രീനിവാസെന്ന എ ഐ മാന്ത്രികൻ
1994 ജൂൺ 7 ന് തമിഴ്‌നാട്ടിലെ ചെന്നൈയിൽ ജനിച്ച ശ്രീനിവാസ് കുട്ടിക്കാലം ശാസ്ത്ര വിഷയങ്ങളിൽ തത്പരനായിരുന്നു. മദ്രാസ് ഐഐടിയിൽ പഠിക്കുമ്പോൾ, റീഇൻഫോഴ്‌സ്‌മെന്റ് ലേണിംഗ്, അഡ്വാൻസ്ഡ് റീഇൻഫോഴ്‌സ്‌മെന്റ് ലേണിംഗ് എന്നിവയെക്കുറിച്ചുള്ള കോഴ്‌സുകളിലും അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.
തുടർന്ന് ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടി, 2021 ൽ പിഎച്ച്ഡി പൂർത്തിയാക്കി.
കമ്പ്യൂട്ടർ വിഷൻ, റീഇൻഫോഴ്‌സ്‌മെന്റ് ലേണിംഗ്, ഇമേജ് ജനറേഷനുള്ള ട്രാൻസ്‌ഫോർമർ അധിഷ്ഠിത മോഡലുകൾ, ഇമേജ് റെക്കഗ്നിഷൻ, വീഡിയോ ജനറേഷൻ എന്നിവയ്‌ക്കായുള്ള കോൺട്രാസ്റ്റീവ് ലേണിംഗ് എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ഗവേഷണം.
ലോകത്തിലെ മുൻനിര ടെക് ഭീമന്മാരായ കമ്പനികളിൽ ജോലി ചെയ്ത് പരിചയം നേടിയിട്ടുള്ള അരവിന്ദ് സാം ആൾട്ട് മാന്‍റെ ഓപ്പൺ എഐയിലാണ് കരിയർ ആരംഭിച്ചത്. റീഇൻഫോഴ്‌സ്‌മെന്റ് ലേണിംഗായിരുന്നു അവിടെ ശ്രീനിവാസിന്‍റെ മേഖല. പിന്നീട് ലണ്ടനിലെ ഡീപ്‌മൈൻഡിൽ കോൺട്രാസ്റ്റീവ് ലേണിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അവിടുന്ന് ഗൂഗിളിലെത്തിയ ശ്രീനിവാസ് ഹാലോനെറ്റ്, റെസ്‌നെറ്റ് – ആർഎസ് പോലുള്ള വിഷൻ മോഡലുകൾ വികസിപ്പിക്കുന്നതിലും നിർണായക പങ്കുവഹിച്ചു. ഒരു ഘട്ടത്തിൽ ഗൂഗിളിൽ തിരിച്ചെത്തിയ അദ്ദേഹം ടെക്സ്റ്റ്-ടു-ഇമേജ് ജനറേഷൻ മോഡലായ DALL-E 2 വികസിപ്പിക്കുന്നതിൽ പങ്കുവഹിച്ചു.
2022 ഓഗസ്റ്റിലാണ് ശ്രീനിവാസും ഡെനിസ് യാരാറ്റ്‌സും ആൻഡി കോൺവിൻസ്കിയും ചേർന്ന് പെർപ്ലെക്‌സിറ്റി AI സ്ഥാപിക്കുന്നത്. കമ്പനിയുടെ AI-അധിഷ്ഠിത ചാറ്റ് അധിഷ്ഠിത സെർച്ച് എഞ്ചിൻ, GPT-3 പോലുള്ള മോഡലുകൾ ഉപയോഗിച്ച് യൂസേർസിന്‍റെ ചോദ്യങ്ങൾക്ക് വേഗതയേറിയതും കൃത്യവും വിശ്വസനീയവുമായ ഉത്തരങ്ങൾ നൽകാൻ തുടങ്ങിയതോടെ, എഐ ലോകത്ത് പെർപ്ലെക്‌സിറ്റി വൻ മുന്നേറ്റം സൃഷ്ടിച്ചു.
നിരവധി എഐ സ്റ്റാർട്ടപ്പുകളിൽ ഏഞ്ചൽ നിക്ഷേപകൻ കൂടിയാണ് അരവിന്ദ് ശ്രീനിവാസ്. അടുത്തിടെ, ഗൂഗിളിന്‍റെ ക്രോം ബ്രൗസർ വാങ്ങാൻ സുന്ദർ പിച്ചെയ്ക്ക് മുന്നിൽ 34.5 ബില്യൺ ഡോളറിന്‍റെ ഓഫർ മുന്നോട്ടുവച്ചുകൊണ്ട് അരവിന്ദ് വാർത്തകളിൽ ഇടം നേടിയിരുന്നു.
إرسال تعليق