മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി പി സരിൻ. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നീ സംഘടനകളെ ചേർത്തുപിടിച്ചാണ് മുസ്ലീം ലീഗ് മുന്നോട്ടുപോകുന്നതെന്നും ലീഗിന് കൊടുക്കുന്ന ഓരോ വോട്ടും ആർഎസ്എസിന് നൽകുന്നതിന് തുല്യമാണെന്നും സരിൻ പറയുന്നു. മുസ്ലീം ലീഗിന് സമം മുസ്ലീം എന്നാണ് പാർട്ടി പ്രചരിപ്പിക്കുന്നത്. ഇത് ‘ബിജെപിക്ക് സമം ഹിന്ദു’ എന്ന് ബിജെപിക്കാർ പ്രചരിപ്പിക്കും പോലെയാണെന്നും പി സരിൻ ചൂണ്ടിക്കാട്ടി. ആർഎസ്എസിനും ബിജെപിക്കും വളരാനുള്ള സാഹചര്യം ലീഗ് ഒരുക്കിക്കൊടുക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലീഗിനെ ഒറ്റയ്ക്ക് കൂട്ടിയാൽ കൂടില്ലെന്ന് കണ്ടപ്പോഴാണ് ഇടത്തും വലത്തും നിർത്താൻ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നീ രണ്ടു കൂട്ടരെ കൂടെ കൂട്ടിയതെന്നും സരിൻ അഭിപ്രായപ്പെട്ടു. ഈ രണ്ട് സംഘടനകൾക്കും ആളെ കൂട്ടിക്കൊടുക്കുന്ന സ്വഭാവമാണ് ലീഗിനുള്ളതെന്നും കേരള ജനത ഇത് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് അവനവന്റെ കുഴി തോണ്ടുകയാണ് എന്ന് തിരിച്ചറിയുന്നില്ലെന്ന് സരിൻ പറഞ്ഞു. തീവ്രവാദ രാഷ്ട്രീയം ന്യൂനപക്ഷ അവകാശങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടിയല്ല. മറിച്ച്, എങ്ങനെയാണ് ആർഎസ്എസിനെ ഇവിടെ വളർത്തേണ്ടത് എന്നും, ആ വളരുന്ന ആർഎസ്എസിനെ ചൂണ്ടി കാണിച്ച് അതിന് പ്രതിരോധം തീർക്കേണ്ടത് മതത്തിന്റെ പേരിലാണ് എന്ന് മാത്രം അതിനെ ചുരുക്കിക്കാണിക്കാൻ അങ്ങനെ ഒരു പ്രചരണം കൊണ്ടുവരാൻ കേരളത്തിന്റെ മണ്ണിൽ ശ്രമിക്കുകയാണ് ലീഗ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post a Comment