മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിന് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം വഴിപാട്

 



മമ്മൂട്ടിക്ക് വേണ്ടി കണ്ണൂര്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ പൊന്നിന്‍കുടം വഴിപാട്. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകും അഖില ഭാരതീയ സമ്പര്‍ക്ക ടീം അംഗവും, മമ്മൂട്ടിയുടെ സുഹൃത്തുമായ എ.ജയകുമാറാണ് മമ്മൂട്ടിയുടെ ആയുരാരോഗ്യസൗഖ്യത്തിനായി പൊന്നിന്‍കുടം വഴിപാട് നടത്തിയത്. ഉത്രം നക്ഷത്രത്തില്‍ ആയിരുന്നു വഴിപാട്. എ.ജയകുമാറിനെ ക്ഷേത്രം ഭാരവാഹികള്‍ ക്ഷേത്രത്തിലെ ആരാധാനാ മൂര്‍ത്തിയായ രാജരാജേശ്വരന്റെ ഫോട്ടോ നല്‍കി സ്വീകരിച്ചു. നേരത്തെ ശബരിമലയില്‍ മമ്മൂട്ടിയുടെ പേരില്‍ നടന്‍ മോഹന്‍ലാല്‍ വഴിപാട് നടത്തിയതും വാര്‍ത്തയായിരുന്നു.കണ്ണൂര്‍ ജില്ലാ ആസ്ഥാനത്തു നിന്ന് 23 കിലോമീറ്റര്‍ വടക്കു ഭാഗത്തുള്ള തളിപ്പറമ്പ് ടൗണില്‍ നിന്ന് 3 കിലോ മീറ്റര്‍ ദൂരത്തിലാണ് രാജരാജേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നെയ്യ് നിറച്ച വെള്ളിക്കുടവും പൊന്നിന്‍കുടവും സമര്‍പ്പിക്കുന്നത് ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്. കഴിഞ്ഞ ജൂലൈയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും പൊന്നിന്‍കുടം വച്ച് തൊഴുകയും ചെയ്തിരുന്നു. 2017ല്‍ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന സമയത്തും അമിത് ഷാ ദര്‍ശനത്തിന് ഇവിടെ എത്തിയിരുന്നു. അമിത് ഷായെ കൂടാതെ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ, ഐസിസി മുന്‍ ചെയര്‍മാന്‍ എന്‍. ശ്രീനിവാസന്‍ എന്നിവരും ക്ഷേത്രം ദര്‍ശനം നടത്തുകയും പൊന്നിന്‍കുടം വച്ച് തൊഴുകയും ചെയ്തിട്ടുണ്ട്. കൂടാതെ സിനിമാ രംഗത്തെ മറ്റ് പല പ്രമുഖരും ക്ഷേത്രം സന്ദര്‍ശിക്കാറുമുണ്ട്



Post a Comment

أحدث أقدم

AD01