ഒമ്പത് വയസുകാരിയുടെ വലത് കൈ മുറിച്ചുമാറ്റിയ സംഭവം; ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്‌


പാലക്കാട്‌ ജില്ലാ ആശുപത്രിയിൽ ഒമ്പത് വയസുകാരിയുടെ വലത് കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ചികിത്സ പിഴവ് ഉണ്ടായിട്ടില്ലെന്ന് റിപ്പോർട്ട്‌. കുട്ടിക്ക് ശാസ്ത്രീയമായ ചികിത്സ നൽകിയിരുന്നുവെന്നും ഓർത്തോ ഡോക്ടേഴ്സ് ‍‍‍ഡിഎംഒയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ആശുപത്രിക്ക് വീഴ്ചയില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ആശുപത്രി അധികൃതർ. വലതു കൈ മുറിച്ചുമാറ്റിയ പാലക്കാട് പല്ലശ്ശന സ്വദേശിയായ ഒമ്പത് വയസുകാരി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഡോ.സിജു കെഎം, ഡോ.ജൗഹർ കെടി എന്നിവരാണ് ഡിഎംഒയ്ക്ക് റിപ്പോർ‌ട്ട് നൽകിയത്. സെപ്റ്റംബർ 24ന് കുട്ടി ആശുപത്രിയിൽ എത്തി. കൈയുടെ എല്ല് പൊട്ടിയിരുന്നു. ഇതിന് ശാസ്ത്രീയമായ ചികിത്സ നൽകി. പിറ്റേദിവസം നിരീക്ഷണത്തിനായി കുട്ടിയോട് ആശുപത്രിയിൽ എത്താൻ നിർദേശിച്ചിരുന്നു. എന്നാൽ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് 30നാണ് കുട്ടി ജില്ലാ ആശുപത്രിയിൽ എത്തുന്നത്. അപ്പോഴേക്കും കുട്ടിയുടെ കൈയിലെ രക്തയോട്ടം നിലച്ചിരുന്നു. പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളജിലേക്ക് റെഫർ‌ ചെയ്യുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

അതേസമയം ചികിത്സാ പിഴവ് ഉണ്ടായി എന്നതിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. വിഷയത്തിൽ ആരോഗ്യമന്ത്രിക്കെതിരെയും ആശുപത്രിക്കെതിരെയും പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. വീഴ്ച ഉണ്ടായെങ്കിൽ കർശന നടപടി എടുക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു. സംസ്ഥാന ആരോഗ്യ ഡയറക്ടർ നേരിട്ട് പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്നും മന്ത്രി നിർദേശം നൽകിയിരുന്നു.



Post a Comment

Previous Post Next Post

AD01