മുടങ്ങാതെ ഓടുന്ന ബസിന് നാടിന്റെ ആദരവ്


പയ്യാവൂർ: മൂന്നു പതിറ്റാണ്ടോളമായി പയ്യാവൂർ-കാക്കത്തോട് വഴി മുടക്കമില്ലാതെ സർവീസ് നടത്തി വരുന്ന ചൈത്രം ബസിന് കാക്കത്തോട് പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നാടിന്റെ ആദരവ് നൽകി. ഉളിക്കൽ-പയ്യാവൂർ-ചെമ്പേരി-കുടിയാന്മല -ശ്രീകണ്ഠപുരം റൂട്ടിൽ ദിവസേന ആറു ട്രിപ്പുകളാണ് ഈ ബസ് കാക്കത്തോട് വഴി സർവീസ് നടത്തുന്നത്. ഇന്നലെ വൈകുന്നേരം കാക്കത്തോട് ജംഗ്ഷനിലാണ് ആദരിക്കൽ ചടങ്ങ് നടന്നത്. സ്വകാര്യ ബസ് സർവീസുകൾ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വരുന്ന ഇന്നത്തെ സാഹചര്യത്തിലും യാത്രക്കാർക്ക് തുണയായും നാടിന് മാതൃകയായും സർവീസ് തുടരുന്ന ചൈത്രം ബസിന്റെ ഉടമ കെ.സി. കൃഷ്ണൻ, ഡ്രൈവർ സന്തോഷ്, കണ്ടക്ടർ അനീഷ് എന്നിവരെ തോമസ് അയ്യങ്കാനാൽ, ജോസ് കീച്ചേരിൽ, സണ്ണി പാറ്റിയാൽ എന്നിവർ പൊന്നാടയണിയിച്ചു. ബോബൻ തോമസ്, ജെയിംസ് കുന്നാംപടവിൽ, ജോമോൻ മേക്കാട്ട് എന്നിവർ മൊമെന്റോ കൈമാറി. കാക്കത്തോട് പ്രിയദർശിനി ക്ലബ് പ്രസിഡന്റും വാർഡ് അംഗവുമായ ജിത്തു തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സജി വലിയവീട്ടിൽ ആമുഖ പ്രഭാഷണവും കണ്ടകശേരി ഇടവക വികാരി ഫാ. ബേബി കട്ടിയാങ്കൽ അനുഗ്രഹ പ്രഭാഷണവും പയ്യാവൂർ എസ്ഐ ടോമി പുളിയ്ക്കൽ മുഖ്യപ്രഭാഷണവും നടത്തി.



Post a Comment

أحدث أقدم

AD01